ചാത്തന്നൂര്‍: കൊല്ലത്ത് പ്രസവിച്ചയുടന്‍ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ കേസിലെ പ്രതിയായ രേഷ്മയുടെ ബന്ധുക്കളായ രണ്ടു യുവതികളെ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചതിനെ തുടർന്ന് വീടുവിട്ട യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഇത്തിക്കരയാറ്റില്‍ നിന്നാണ് കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഊഴായിയ്ക്കോട് സ്വദേശിയും ഇരുപതിമൂന്നുകാരിയുമായ ആര്യയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ആദിച്ചനലൂര്‍ മീനാട് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ ഗ്രീഷ്മ എന്ന യുവതിക്കായി തെരച്ചില്‍ തുടരുകയാണ്. ആര്യയുടെ പേരിൽ എടുത്തിരുന്ന സിം ആയിരുന്നു പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത്. രേഷ്മയുടെ സഹോദര ഭാര്യയാണ് ആര്യ.
ഇന്നലെ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് യുവതികളെ കാണാതായത്. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്മ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി മൊഴി നല്കാന് ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ‘ഞങ്ങള്‍ പോകുകയാണെ’ന്ന് കത്തെഴുതി വച്ച് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. രാവിലെ പത്തേമുക്കാലോടെ കല്ലുവാതുക്കൽ ജംഗ്ഷനിൽ വച്ച് ഇവരെ കണ്ടുവെന്നും ചോദിച്ചപ്പോൾ അക്ഷയ സെൻ്ററിൽ പോവുകയാണെന്നാണ് പറഞ്ഞതെന്നും സിവിൽ റെസ്ക്യൂ ഡിഫൻസിലെ വളണ്ടിയർ കൂടിയായ സുരേഷ് കുമാർ പറഞ്ഞു. യുവതികൾ നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ആറ്റിൽ ചാടി എന്ന് മനസിലായത്.


