ബ്ലാക്ക് ഫംഗസില്‍ നിന്നും മുക്തി നേടി അങ്കമാലി സ്വദേശിനി പുതുജീവിതത്തിലേക്ക്. അങ്കമാലി മൂക്കന്നൂര്‍ സ്വദേശിയായ കഞ്ചുകൂട്ടം വീട്ടില്‍ അപ്പുവിനെ ഭാര്യ രമണി (45) ആണ് രോഗമുക്തി നേടിയത്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ ഇഎന്‍ടി തലവന്‍ ഡോക്ടര്‍ പ്രശോഭ് സ്റ്റാലിന് ജനറല്‍ മെഡിസിന് ഡോക്ടര്‍ തോമസ് രാജു പോള്‍ എന്നിവരുടെ വിദഗ്ധ ചികിത്സയില്‍ ബ്ലാക്ക് ഫംഗസിന്റെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. കണ്ണ് നീക്കം ചെയ്യാതെ രോഗിയെ രക്ഷിക്കാനായത് ഏറ്റവും വലിയ നേട്ടമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോ. വര്‍ഗീസ് പൊ ട്ടക്കല്‍ പറഞ്ഞു.
രമണി അപ്പുവിന് ഏപ്രില്‍ 30ന് കോവിഡ് പോസിറ്റീവ് ആവുകയും തുടര്‍ന്ന് മെയ് നാലിന് നെഗറ്റീവ് ആവുകയും ചെയ്തു. തുടര്‍ന്നുള്ള ആഴ്ചയില്‍ രമണിക്ക് വലതു വശത്തെ മൂക്കില്‍ നിന്നും രക്തസ്രാവവും, വേദനയും അതോടൊപ്പം മുഖത്തെ വലതു വശത്തെ കണ്പോളയില് വേദനയും, നീര്‍ക്കെട്ടും, മരവിപ്പും, തലവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. രണ്ടു ദിവസമായിട്ടും കുറയാതിരുന്നതിനെ തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ മെയ് പതിനൊന്നാം തീയതി എത്തിക്കുകയായിരുന്നു.
പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് ചില ബ്ലാക്ക് നിറത്തിലുള്ള വ്യതിയാനങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് എംആര്‍ഐ സ്കാനിംഗ് വിധേയമാക്കുകയും തുടര്‍ന്നുള്ള പരിശോധനയില്‍ ബ്ലാക്ക് ഫഗസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുകോര്മൈക്കോ സിസ് എന്ന ഗുരുതര രോഗം ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോക്ടര്‍ വര്‍ഗീസ് പൊട്ടയ്ക്കലിന്റെ നിര്‍ദ്ദേശാനുസരണം ഉടന്‍ തന്നെ ഇഎന്‍ടി സര്ജന് ഡോക്ടര്‍ പ്രശോഭ് സ്റ്റാലിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ മുഖത്തെ പാടുകള്‍ ഒന്നും വരാതെ മൂക്കിലെയും സൈനസിലെയും കണ്ണിനോട് ചേര്‍ന്നുള്ള ഭാഗത്തെയും രക്തയോട്ടം നിലച്ചു പോയിട്ടുള്ള ഭാഗങ്ങളില്‍ നിന്നും ഫംഗസിനെ നീക്കം ചെയ്യുകയും തുടര്‍ന്ന് ഫംഗസിനെ നശിപ്പിക്കാനുള്ള ലിപൊസോമല് അംഫോടെറിസിന്‍ ബി എന്ന ഇഞ്ചക്ഷന് നല്‍കുകയും ചെയ്തു.
ഇഞ്ചക്ഷന് ലഭ്യത കുറവ് ഏറെ ബുദ്ധിമുട്ടിച്ചപ്പോള്‍ ആശുപത്രി ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം മറ്റു ഡയറക്ടര്‍ മാരുടെയും ഡോക്ടര്‍മാരുടെയും പരിശ്രമത്തെ തുടര്‍ന്ന് ഇതിന് പ്രത്യേകം ആയിട്ടുള്ള ഇഞ്ചക്ഷനും മരുന്നും ലഭ്യമാക്കിയതിന്റെ ഫലമായി രമണി സുഖം പ്രാപിച്ചു. ഇപ്പോള്‍ കണ്ണിന് വേദന ഇല്ല. കാഴ്ച മങ്ങല്‍ ഇല്ല. വേദന മരവിപ്പ് ഒന്നും തന്നെ ഇല്ല എന്നും കൃത്യസമയത്ത് രോഗി ആശുപത്രിയിലെത്തിയത് കൊണ്ട് രോഗം കൃത്യമായി കണ്ടു പിടിച്ചതുകൊണ്ടും ഉടന്‍ ചികിത്സ ആരംഭിച്ചത് കൊണ്ട് മാത്രമാണ് രോഗി സുഖമായിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് ബാധിച്ചാല്‍ 50%- 80% വരെ ആളുകളിലും മരണ നിരക്ക് വരാനുള്ള സാധ്യത ആണ് ഉള്ളതെന്നും ഇത്തരത്തിലുള്ള രോഗികള്‍ക്ക് രോഗമുക്തിക്ക് ശേഷവും 8 ആഴ്ചയോളം ശരിയായ ഇടവേളകളില്‍ പരിശോധനകളും മരുന്നുകളും നല്‍കേണ്ടത് അനിവാര്യമാണെന്ന് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോക്ടര്‍ വര്‍ഗീസ് പൊട്ടയ്ക്കല്‍ ഇഎന്‍ടി സര്ജന് ഡോക്ടര്‍ പ്രശോഭ് സ്റ്റാലിന്, ഡോക്ടര്‍ തോമസ് രാജു പോള്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ സ്റ്റിജി ജോസഫ് എന്നിവര്‍ പറഞ്ഞു. രമണിയും കുടുംബവും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മധുരം നല്‍കിയാണ് ആശുപത്രി വിട്ടത്.


