തമിഴ് നാട്ടില്‍ മക്കള്‍ നീതി മയ്യത്തിന് സിപിഐഎമ്മുമായി രാഷ്ട്രീയ ഐക്യമുണ്ടാക്കാന്‍ കഴിയാത്തത് സീതാറാം യെച്ചൂരിയുടെ മുന്‍വിധി കാരണമെന്ന് കമല്ഹാസന്. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചു. പക്ഷേ, തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചു കണ്ടുവെന്നും കമല്ഹാസന് പറഞ്ഞു. തമിഴ്നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഡിഎംകെയില്‍ നിന്ന് കോടിക്കണക്കിന് പണം കൈപ്പറ്റിയാണ് മുന്നണിയായി നില്‍ക്കുന്നതെന്നും കമല്‍ ആരോപിച്ചു.
കേരളത്തിലെ പോലെയല്ല തമിഴ്നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇവിടെ പരസ്യമായി കോടികള്‍ വാങ്ങിയാണ് സിപിഐഎം മുന്നണിയില്‍ ചേര്‍ന്നത്. ഡിഎംകെയില്‍ നിന്ന് 25 കോടി രൂപ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ കൈപ്പറ്റി. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇസത്തില്‍ മുറുകെ പിടിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കള്‍ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു.

സ്റ്റാലിനെ വിശ്വസിക്കാന്‍ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവര്‍ തിരിയും. തോളിലെ തോര്‍ത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്ക്കൊപ്പവും ഉണ്ടാവില്ല. മക്കള്‍ നീതി മയ്യം കാലത്തിന്റെ ആവശ്യമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.


