പെരുമ്പാവൂരിലെ വെങ്ങോല ഗ്രാമ പഞ്ചായത്തിലെ തുറ സമാന്തര പാലം പണിക്ക് തുടക്കമായി. എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും ചേര്‍ന്ന് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വെങ്ങോല പഞ്ചായത്തിലെ ചെമ്പരത്തുകുന്നിനെയും കുന്നത്തുനാട് മണ്ഡലത്തിലെ വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ ചെറുവേലിക്കുന്നിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. 1.50 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. നിലവിലുള്ള പാലത്തിന് സമന്തരമായിട്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 16.65 മീറ്റര്‍ നീളത്തില്‍ 9.75 മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം. കൂടാതെ സംരക്ഷണ ഭീതിയും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിനും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ ആദ്യം തയ്യാറാക്കിയത് റൂബി സോഫ്ടെക്ക് ആയിരുന്നു. 2018 ലെ പ്രളയത്തിന് ശേഷം ജലനിരപ്പിലെ വ്യത്യാസവും രൂപരേഖയിലെ കോഡുകളില്‍ വന്ന മാറ്റവും കാരണം പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗമായ ഡ്രിക്ക് ഇതിന് അംഗീകാരം നല്‍കാതെ വരികയും തുടര്‍ന്ന് ഡ്രിക്ക് തന്നെ പുതിയ രൂപരേഖ തയ്യാറാക്കുകയുമായിരുന്നു. അതിന് ശേഷം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷമാണ് ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുവാന്‍ സാധിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാര്‍ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് നൂര്ജഹാന് സക്കീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്,
വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീര്‍, വെങ്ങോല വൈസ് പ്രസിഡന്റ് എല്‍ദോ മോസസ്, വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലിയാര്, വാര്‍ഡ് മെമ്പര്‍മാരായ അനീസ ഇസ്മായില്‍, പി.എ മുക്താര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റെനീഷ അജാസ് എന്നിവര്‍ പങ്കെടുത്തു


