വേളി ടൂറിസം വില്ലേജില്‍ സ്ഥാപിക്കാനായി മിനിയേച്ചര്‍ റെയില്‍വേയുടെ എഞ്ചിനും ബോഗികളും എത്തി. സംസ്ഥാന ടൂറിസം വകുപ്പ് ഒന്‍പത് കോടി രൂപ മുതല്‍മുടക്കുന്ന ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരം ലഭിക്കും. സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാകും. മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായി ഇത് മാറും.
പഴയ ആവി എഞ്ചിന്റെ മാതൃകയിലുള്ള എഞ്ചിന് ഉപയോഗിക്കുന്ന ഈ ട്രെയിനില്‍ നിന്ന് കൃത്രിമമായി ആവി പുക പറക്കുന്നത് ഗൃഹാതുരമായ കാഴ്ചയും ഒരുക്കും. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് വേളിയില്‍ സ്ഥാപിക്കുന്നത്. ടണലും റെയില്‍വേ പാലവും അടക്കം സജജീകരിക്കുന്നുമുണ്ട്. ഈ പദ്ധതി യാതാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മാത്രമല്ല. കേരള ടൂറിസത്തിനും വലിയ ഒരു മുതല്‍ക്കൂട്ട് ആയിരിക്കും.


