മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രത്യേക അഭിഭാഷകൻ വഴി പരാതിക്കാരിയായ യുവതി കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന. ജാമ്യം ലഭിച്ചില്ലെങ്കിൽ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്.
യുവതി പീഡന പരാതി നൽകി ഒരാഴ്ച കഴിഞ്ഞ് ജൂൺ 20നാണ് ബിനോയ് മുംബൈ ഡിൻഡോഷി സെഷൻസ് കോർട്ടിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീൽ നോട്ടീസും വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസിൽ നൽകിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗം വാദിച്ചത്.
എന്നാൽ യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് സ്വന്തം ഈമെയിലിൽ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകൻ ഇന്ന് യുവതിക്കായി വാദങ്ങൾ എഴുതി നൽകും. കൂടുതൽ തെളിവുകളും ഹാജരാക്കുമെന്നാണ് അറിയുന്നത്.


