ഭരണ-പ്രതിപക്ഷപ്പോരിൽ ഇന്നും നിയമസഭ ബഹളമയം. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രിമാർ രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് പറയാൻ പ്രതിപക്ഷത്തോട് മന്ത്രിമാരുടെ വെല്ലുവിളി. നിലതെറ്റിയ അവസ്ഥയിലാണ് കേരളത്തിൻറെ പ്രതിപക്ഷ നേതാവെന്നും വിമർശനം.സോണിയ ഗാന്ധി- ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയുടെ പ്ലക്കാർഡുമായാണ് ഭരണപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള പ്ലക്കാർഡുമേന്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, വീ ശിവൻകുട്ടി എന്നിവർ പ്രതിരോധവുമായി രംഗത്തെത്തിയത്. പ്രധാന സമ്മേളനത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുവെന്നും ബജറ്റ് ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രിമാർ വിമർശിച്ചു. പ്രതിപക്ഷ നേതാവ് ആരെയും ചർച്ചയ്ക്ക് സമ്മതിക്കുന്നില്ല. ബജറ്റ് ചർച്ചയോടെ സഹകരിക്കാത്തത് ഇതാദ്യമാണ്. സോണിയ ഗാന്ധിയെ അപമാനിക്കാൻ പ്രതിപക്ഷം മനപ്പൂർവ്വം വിഷയങ്ങൾ ഉന്നയിക്കുകയാണെന്ന് ഭരണപക്ഷം വിമർശിച്ചു.
പാർലമെന്ററി മര്യാദകളെക്കുറിച്ച് ക്ലാസ് എടുക്കുന്ന ആളാണ് പ്രതിപക്ഷനേതാവ്. ഇപ്പോൾ സഭയിലെ പ്രതിഷേധങ്ങളെ ന്യായീകരിക്കുന്നു. ഇതാണ് ഇരട്ടത്താപ്പ്. ഇരട്ടത്താപ്പിന്റെ നേതാവ് കൂടിയാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി എംബി രാജേഷ് വിമർശിച്ചു. സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടാൻ അവസരം ഒരുക്കുന്നത് പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സോണിയയുടെ അടുത്ത് പോറ്റിയെത്തിച്ചവർ ആരാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ സോണിയ ഗാന്ധിയുടെ തിളക്കം പത്തര മാറ്റ് വർദ്ധിക്കും. പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയെ ഇരുട്ടിൽ നിർത്തുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.


