കാസര്‍ക്കോട്: നീലേശ്വരത്ത് വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു. അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെയാണ് അപകടമുണ്ടായത്. 140ഓളം പേര്‍ക്ക് പൊള്ളലേറ്റു. 20 ഓളം പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാള്‍ക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പൊള്ളലേറ്റവരെ പ്രവേശിച്ചിരിക്കുന്നത്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ പിന്നീട് ഉള്‍പ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചു.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വീഴുകയും ഉഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതില്‍ക്കെട്ടിന് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ധാരാളം പേര് തെയ്യം കാണാനായി കൂടി നിന്നിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ്.


