കൊച്ചി: സംസ്ഥാന ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പി രവിയച്ചന്(96) അന്തരിച്ചു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമിലെ അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളി കൂടിയാണ് രവിയച്ചന്. തൃപ്പൂണിത്തുറ കോവിലകത്ത് അനിയന് തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടില്‍ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് ജനനം. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇന്റര്‍മീഡിയറ്റിനു ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. 1952 മുതല്‍ 17 വര്‍ഷം രവിയച്ചന് രഞ്ജി ട്രോഫി കളിച്ചു. 55 ഫസ്റ്റ് ക്ളാസ് മത്സരങ്ങളില്‍ നിന്ന് നേടിയ 1107 റണ്‍സും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍ ക്രിക്കറ്റര്‍ എന്ന പദവിയും സ്വന്തമാക്കി. രണ്ടുതവണ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.