കൊച്ചി : ലോകം മുഴുവന്‍ വിദ്യാഭ്യാസ മേഖലക്ക് വന്‍ പ്രാധാന്യം നല്‍കിയാണ് മുന്നോട്ടു പോകുന്നത്.ഈ മേഖലയിലെ മാറ്റങ്ങളും സങ്കീര്‍ണ്ണതകളും ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ പ്രതീക്ഷക്കൊത്തുയരാനും അതനുസരിച്ച് സംഭാവനകള്‍ നല്‍കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ന്യൂനപക്ഷ സമിതി വിദ്യാഭ്യാസ അവാര്‍ഡ് ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സര്‍ക്കാരുകള്‍ ബജറ്റില്‍ തുക മാറ്റി വെക്കുന്നുണ്ടെങ്കിലും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലക്കനുസരിച്ച് മുന്നേറാന്‍ കഴിയുന്നില്ല. വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ വിദ്യാഭ്യാസ രംഗം കുതിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിക്കുകയും വിവര സാങ്കേതിക വിദ്യ കാര്യമായി കടന്നുവരവ് നടത്തുകയും ചെയ്തതോടെ അതിനൊപ്പം ഓടിയെത്താന്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയുന്നില്ല.
ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന മേഖലയായി വിദ്യാഭ്യാസ മേഖല മാറിയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ മേഖലയുടെ പ്രാധാന്യം സര്‍ക്കാറുകള്‍ തിരിച്ചറിയണം. യൂണിവേഴ്സിറ്റികളുടെ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ ലോകത്ത് വിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റങ്ങള്‍ ഇന്ത്യയിലും വന്നു കഴിഞ്ഞു. സ്വകാര്യ മേഖലയ്ക്ക് വിദ്യാഭ്യാസ രംഗത്ത് വലിയ പങ്കുവഹിക്കാനാകുമെന്നാണ് ഇത് തെളിയിക്കുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് മിഷണറിമാര്‍ കാണിച്ച മാതൃക അഭിനന്ദനാര്‍ഹമാണ്. മറ്റു മതവിഭാഗങ്ങളും ഈ മാതൃകയെ പിന്പറ്റുകയായിരുന്നെന്നും തങ്ങള്‍ പറഞ്ഞു.


