മികച്ച ജില്ലാ പഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ദേശീയ അവാര്‍ഡിന് എറണാകുളം ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. വിവിധ മേഖലകളില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത് .
ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി ഓഫ് ഗ്രാസ് റൂട്ട് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ നല്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡാണ് എറണാകുളം ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ വികസനത്തിനാവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രസിഡന്റ് ഉല്ലാസ് തോമസിന് കഴിഞ്ഞതായി അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.
ആരോഗ്യ മേഖലയില്‍ ഡയാലിസിസ് രോഗികള്‍ക്ക് നല്കി വരുന്ന കാരുണ്യ സ്പര്‍ശം ചികിത്സ സഹായ പദ്ധതി, സ്ത്രീ ശാക്തീകരണ പദ്ധതികളായ സ്മാര്‍ട്ട് അയണ്‍ യൂണിറ്റ്, അപാരല്‍ പാര്‍ക്ക്, ഡ്രൈ ഫിഷ് യൂണിറ്റ്, എനി ടൈം മില്‍ക്ക്, കുട്ടികള്കും വൃദ്ധര്‍ക്കും , പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങള്‍ക്കും, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പദ്ധതി, വികലാംഗര്‍ക്ക് രാജാഹംസം മുച്ചക്ര വാഹനവും, ചലനം ഇലക്ട്രിക് സ്കൂട്ടര്‍ നല്‍കിയതടക്കം ഒട്ടനവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയതാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്ഹമാക്കിത്.
ന്യൂഡല്‍ഹിയിലെ മുന്‍ ലോക്സഭാ സെക്രട്ടറി ജനറലും അഗ്രശ്രീയുടെ സ്ഥാപക ചെയര്‍മാനുമായ ഡോ. സുഭാഷ് സി കശ്യപ്ജി, പ്രൊഫ. വി അര് പഞ്ചമുഖി (ഫോര്മര് ചെയര്മാന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, ദില്ലി) ജസ്റ്റിസ് ഡി. സുബ്രഹ്മണ്യന് (ജസ്റ്റിസ് ഹൈക്കോര്‍ട്ട് A.P), ജസ്റ്റിസ് പി എസ് നാരായണ (ജസ്റ്റിസ് ഹൈക്കോര്‍ട്ട് A.P), ഡോ. ഡി. സുന്ദര്‍ റാം (ഫൗണ്ടര്‍ ആന്‍ഡ് ചെയര്മാന് ) നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ദേശീയ പുരസ്കാരങ്ങളുടെ ജൂറിയാണ് രാജീവ് പുരസ്കാരത്തിനായി ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്തത്.
ഓഗസ്റ്റ് 19-ന് വൈകിട്ട് 4.00 ന് ബെംഗളൂരുവിലെ കുമാര പാര്‍ക്ക് ഈസ്റ്റിലെ ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.


