തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ കലഹത്തിൽ എ ഗ്രൂപ്പിന്റെ നിർണ്ണായക നീക്കം. ഹൈക്കമാൻഡിനെ നേരിൽ കണ്ട് പരാതി അറിയിച്ചു. പാർട്ടി-സർക്കാർ ഏകോപനമില്ലെന്നും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഏകോപനമില്ലായ്മ പാർട്ടി സംവിധാനങ്ങളെയും,സർക്കാരിനെയും ബാധിക്കുന്നു.കെപിസിസി അധ്യക്ഷൻ പോലും കാര്യങ്ങൾ അറിയുന്നില്ലെന്നും വിമർശനമുണ്ട്.
എംപിമാർ കത്ത് നൽകിയ കാര്യം തനിക്ക് അറിയില്ലെന്നും, തന്റെ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാറുണ്ടെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.എ-ഗ്രൂപ്പിനെ പാടേ അവഗണിക്കുന്നുവെന്നു മുൻപ് തന്നെ ഗ്രൂപ്പ് നേതാക്കൾ മുഖ്യമന്ത്രിയെയും, കെ.പി.സി.സി അധ്യക്ഷനെയും അറിയിച്ചിരുന്നതാണ്.ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ഉൾപ്പടെ പരിഗണിക്കാതിരുന്നത് കടുത്ത അതൃപ്തിക്ക് വഴി വെച്ചു.
കഴിഞ്ഞ ക്യാബിനറ്റിലെ തർക്കവും വി.ഡി – കെ.സി പക്ഷങ്ങൾ തമ്മിലുള്ള പരസ്യ പോരുമാണ് ഹൈക്കമാൻഡിനെ സമീപിക്കാനുള്ള എ ഗ്രൂപ്പ് നീക്കത്തിന് കാരണം.മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ടു എ ഗ്രൂപ്പ് നേതാക്കൾ അതൃപ്തി അക്കമിട്ടു നിരത്തി.സംസ്ഥാനത്തു പാർട്ടി-സർക്കാർ ഏകോപനമില്ല.ഒരു തരത്തിലുള്ള കൂടിയാലോചനകളും നടക്കുന്നില്ല.പാർട്ടി സംവിധാനങ്ങളെയും അംഗങ്ങളെയും ബാധിക്കുന്നു.കെപിസിസി അധ്യക്ഷൻ പോലും കാര്യങ്ങൾ അറിയുന്നില്ലെന്നും കെ.സി ജോസഫ്, ബെന്നി ബെഹന്നാൻ, ഷാഫി പറമ്പിൽ എന്നിവർ അധ്യക്ഷനെ അറിയിച്ചു. എന്നാൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ ബെന്നി ബെഹന്നാൻ ഒഴിഞ്ഞു മാറി.
ക്യാബിനറ്റ് വിവരങ്ങൾ പുറത്തു വന്നതിലെ സംശയമുന കെ.സി വേണുഗോപാൽ പക്ഷത്തേക്ക് തിരിച്ചു ചർച്ച വഴി തിരിച്ചു വിടുകയാണെന്നു വി.ഡി സതീശൻ അനുകൂലികളായ നേതാക്കൾ.ക്യാബിനറ്റിൽ തർക്കമുണ്ടായില്ലെന്നു കെ.മുരളീധരൻ ഇന്ന് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ശൈലി മാറ്റം ശക്തമായി ഉന്നയിക്കാനാണ് കെ സി പക്ഷത്തിന്റെ തീരുമാനം. ചർച്ച കൂടാതെയുള്ള തീരുമാനങ്ങൾ വന്നാൽ കാബിനറ്റിൽ വീണ്ടും എതിർക്കാനാണ് കെ സി പക്ഷത്തിന്റെ നീക്കം. സർക്കാരിനെ അസ്ഥിരപ്പെടുത്തൽ അല്ല ലക്ഷ്യമെന്നും നീക്കം കൂട്ടായ ചർച്ചകൾക്ക് വേണ്ടി ആണെന്നുമാണ് കെ സി പക്ഷത്തിന്റെ വാദം.

