പത്തനംതിട്ട: വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും ശബരിമലയില്‍ ദര്ശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം. ബുക്കിങ് വിവരങ്ങള്‍ തേടി പമ്പ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്ത് നല്കി. ദേവസ്വം വിജിലന്‍സും സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തുന്നു. ഇന്നലെ മാത്രം ബുക്ക് ചെയ്തിട്ടും എത്താതിരുന്നത് 23,714 പേരാണ്.
ബുക്കിങ് നടത്തിയിട്ടും ദര്ശനത്തിനെത്താത്തവരുടെ വിവരങ്ങള്‍ തേടിയാണ് പമ്പ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്ത് നല്കി. ബുക്കിങ് വിവരങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
അതേസമയം, വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ ദുരൂഹതകള്‍ ദേവസ്വം വിജിലന്‍സും പരിശോധിക്കുന്നുണ്ട്. സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണം. ബുക്ക് ചെയ്ത് എത്താതിരുന്നാല്‍ ഈ മണ്ഡലകാലത്ത് തുടര്ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ അടിമുടി മാറ്റത്തിനും നീക്കമുണ്ട്. ഇനി ബുക്കിങ്ങിന് ആധാര്‍ മാത്രമായിരിക്കും ആധികാരിക രേഖ. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി പരിശോധനയും നിര്‍ബന്ധമാക്കും. വിദേശികള്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ അനുമതി. ഡിസംബറില്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
അതിനിടെ, ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വന്‍ ഇടിവ്. ആദ്യ ആറു ദിവസം കഴിഞ്ഞ വര്‍ഷം 5.10 ലക്ഷം പേര് എത്തിയപ്പോള്‍ ഇത്തവണ എത്തിയത് 2.71 ലക്ഷം മാത്രം. കുറഞ്ഞത് 2.38 ലക്ഷം പേര്. 47 ശതമാനത്തിന്റെ കുറവ്.അരവണ വില്‍പ്പനയും പകുതിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 18 ലക്ഷം ടിന് വിറ്റപ്പോള്‍ ഇത്തവണ ഒന്‍പത് ലക്ഷം മാത്രം. ഏകദേശം ഒന്‍പത് കോടിയുടെ വരുമാനക്കുറവ്. നടവരവ്, അപ്പം വില്‍പ്പന, അന്നദാന ഫണ്ട് എന്നിവയിലും ഇടിവ്.

