പത്തനംതിട്ട: മലയാലപ്പുഴയില്‍ ആഭിചാര കേന്ദ്രത്തില്‍ മര്‍ദ്ദനമെന്ന് പരാതി. പൊലീസ് സ്ഥലത്തെത്തി മര്‍ദ്ദനമേറ്റ വരെ മാറ്റി. അമ്മ, മകള്‍, കൊച്ചുമകള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നേരത്തെ പൊലീസ് പിടിയിലായ ശോഭനയുടെ മലയാലപ്പുഴ ‘വാസന്തി മഠ’ത്തിലാണ് സംഭവം. തുടര്‍ന്ന് വീട്ടിലേക്ക് സിപിഐഎം പ്രതിഷേധ മാര്‍ച്ച നടത്തി.
പണം നല്‍കിയില്ലെന്നാരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടുംബം ഇവിടെയെത്തുന്നത്. ‘വാസന്തി മഠ’ത്തിലെ സാഹചര്യം കണ്ടപ്പോള്‍ ഇവര്‍ ഇവിടെ നിന്നും മടങ്ങി കിളിമാനൂരിലെ ഒരു ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. പിന്നീട് ശോഭനയും ഭര്‍ത്താവും തങ്ങളെ വന്നു കണ്ടെന്നും ഈ വീട്ടിലേക്കെത്തിക്കുകയായിരുന്നുവെന്നും മര്‍ദ്ദനത്തിനിരയായവര്‍ പറയുന്നു. ‘മകനെതിരായ കേസില്‍ നിന്നും പരിഹാരം ലഭിക്കുമെന്ന് പറഞ്ഞാണ് ഇവിടെയെത്തിയത്. 10 ദിവസം പൂട്ടിയിട്ടത്. ഞങ്ങളെ ഉപദ്രവിച്ചു. ഇലയില്‍ കണ്ഠിച്ച് കെട്ടിതൂക്കുമെന്ന് ഭീഷണിപ്പെടുത്തി. ചില ദിവസങ്ങളില്‍ ഇവിടെ പൂജ നടക്കും. മൂന്ന് ദിവസമായി ഒന്നും കഴിച്ചിട്ടില്ല.’ കുടുംബം പറയുന്നു.
നേരത്തെ ശോഭനയ്ക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ചതി. വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. കുട്ടികളെ മന്ത്രവാദത്തിന് വിധേയമാക്കുന്നുവെന്ന പരാതിയിലായിരുന്നു കേസെടുത്തത്. മന്ത്രവാദ കേന്ദ്രത്തില്‍ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങള്‍.


