അമേരിക്ക മെക്സിക്കോ അതിര്‍ത്തി അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഗുജറാത്ത് സ്വദേശിക്ക് ദാരുണാന്ത്യം എന്ന് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയിലുള്ള ട്രംപ് വാള് കടക്കാന്‍ ശ്രമിച്ചതിലെ തുടര്‍ന്ന് പിടിവിട്ട് 30 അടി താഴെ വീണാണ് അപകടമുണ്ടായത്. ഗുജറാത്തിലെ കലോല്‍ സ്വദേശിയായ ബ്രിജ് കുമാര്‍ യാദവാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച്ചയാണ് സംഭവം. 32കാരനായ യുവാവ് തന്റെ ഭാര്യയുടേയും കുഞ്ഞിനോടുമൊപ്പമാണ് അമേരിക്കയിലേക്ക് കടക്കാനായി ഈ മാര്‍ഗം തെരഞ്ഞെടുത്തത്. കൂറ്റന്‍ മതില് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ബ്രിജ് കുമാറിന്റെ മൂന്ന് വയസ്സുള്ള മകന് ഇയാളുടെ കൈയിലുണ്ടായിരുന്നു.
താഴേക്ക് വീണ കുഞ്ഞിന് ചെറിയ പരുക്കുകളുള്ളൂവെന്നാണ് ലഭിക്കുന്ന വിവരം. യുവാവിന്റെ ഭാര്യയും താഴേക്ക് വീണതായാണ് പൊലീസ് പറയുന്നത്. അമേരിക്ക ഭാഗത്തേക്ക് 30 അടി താഴ്ച്ചയിലേക്ക് വീണ ഇവര്‍ക്ക് ഗുരുതര പരുക്കുകളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറാത്തിലെ കലോലില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെ വെച്ച് പരിചയപ്പെട്ട ഏജന്റ് മുഖേനയാണ് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. മകനെയും എടുത്തുകൊണ്ടാണ് ട്രംപ് വാള് എന്നറിയപ്പെടുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് മതില് കടക്കാന്‍ ശ്രമിച്ചത്. മെക്സിക്കോയിലെ ടിജുവാനയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഡിയാഗോയിലേക്ക് കടക്കാനായിരുന്നു ശ്രമം.
എന്നാല്‍ മതിലിന് മുകളിലെത്തിയ യാദവ് മെക്സിക്കോ ഭാഗത്തേക്കും ഭാര്യ അമേരിക്ക ഭാഗത്തേക്കും വീണു. കുഞ്ഞിന്റെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. അപകടത്തിന്റെ ശബ്ദം കേട്ട് മെക്സിക്കന്‍ പൊലീസ് സ്ഥലത്തെത്തി. കുഞ്ഞ് മെക്സിക്കോയിലും അമ്മ അമേരിക്കയിലുമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.


