കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തിരുവല്ലം സ്വദേശികളായ ഒന്നാം പ്രതി ഉമേഷ്, രണ്ടാംപ്രതി ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.
ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്. പ്രതികള്‍ മാത്രം എത്തുന്ന ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ചത് ഉദയനും ഉമേഷുമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ ലഹരി മരുന്ന് നല്‍കാമെന്ന് പറഞ്ഞു വിദേശ വനിതയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യഘട്ടത്തില്‍ കേസ് കാര്യക്ഷമമായി അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ അടക്കം കണ്ട് പരാതി നല്‍കുകയായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്.
2018 മാര്‍ച്ച് 14നാണ് തിരുവനന്തപുരം പോത്തന്‍കോട് എത്തിയ ലാത്വിയന്‍ യുവതിയെ കാണാതാകുന്നത്. 37 ദിവസങ്ങള്‍ക്ക് ശേഷം കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിഷാദ രോഗത്തിന് ചികിത്സയ്ക്ക് എത്തിയ യുവതിയെ കോവളത്തിന് സമീപം കണ്ടല്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പിന്നീട് കണ്ടെത്തി. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഫോറന്‍സിക് വിഭാഗം ജീവനക്കാര്‍ക്കും പൊലീസ് ആസ്ഥാനത്ത് ഡിജിപി പ്രശസ്തിപത്രം സമ്മാനിക്കും.


