കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് അതിരൂക്ഷമാകുകയാണ്. ഗവര്‍ണര്‍ കേരളത്തില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
യൂണിവേഴ്സിറ്റിക്ക് പുറത്ത് ചാന്‍സലര്‍ക്ക് ഒരു അധികാരവും ഇല്ലെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗ് നേതാക്കള്‍ ആപത്ത് തിരിച്ചറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല നിയമങ്ങളില്‍ വി.സിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബില്ലുകളില്‍ ഒപ്പിടില്ലെന്ന പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചന അധികാരം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മറ്റ് രാജ്യങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളില്‍ പഠിക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മേന്മ കൂടിയാണെന്ന് ചിന്തിക്കാന്‍ ഗവര്‍ണര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണ്. ചാന്‍സലറായിരിക്കാന്‍ ഗവര്‍ണര്‍ യോഗ്യനല്ല. ഗവര്‍ണര്‍ സമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസ്യനാകരുതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാകുന്നു.സര്‍വകലാശാലകള്‍ക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം.യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോള്‍ ഗവര്‍ണര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവര്‍ണറുടെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വി സി മാരാണോ? ഗഠഡ വിധിയില്‍. പുനപ്പരിശോധന ഹര്‍ജിക്ക് ഇനിയും അവസരമുണ്ട്.സര്‍വകലാശാല ഭരണം അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ നോക്കുന്നു. ഗവര്‍ണറുടെ ഇടപെടല്‍ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേവലം സാങ്കേതികതയില്‍ തൂങ്ങിയാണ് ഗവര്‍ണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വി സി മാരെ കേള്‍ക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ ഒരു കേസില്‍ വന്നിരിക്കുന്ന വിധി എല്ലാ വിസി മാര്‍ക്കും ബാധകമാക്കാന്‍ കഴിയില്ല, ഗവര്‍ണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല.യൂണിവേഴ്സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വിസിയെ പിരിച്ചു വിടാന്‍ വ്യവസ്ഥയില്ല.വിസിമാരോട് രാജിവെക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല.
വി സിമാര്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തി. ഗവര്‍ണറുടെ അമിത അധികാര പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഗവര്‍ണര്‍ ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.


