എസ്.എന്‍.സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13ന് സുപ്രിം കോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുത് എന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.
പല കാരണങ്ങള്‍ പറഞ്ഞ് നിരവധി തവണ കേസ് മാറ്റിവെക്കുന്ന സാഹചര്യമുണ്ടായിരുന്നു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് പ്രതിപക്ഷമടക്കം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രിം കോടതിയില്‍ എത്തിയിരിക്കുന്നത്. 2017ലാണ് ലാവലിന്‍ കേസ് സുപ്രിം കോടതിയില്‍ എത്തുന്നത്.
ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു. സുപ്രിം കോടതിയുടെ ചരിത്രത്തില്‍ തന്നെ ഒരു കേസ് ഇത്രയധികം തവണ മാറ്റിവെക്കുന്നത് ആദ്യമായിരിക്കും. പ്രധാന രാഷ്ട്രീയ നേതാക്കള്‍ പ്രതിയാക്കുന്ന കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സുപ്രിം കോടതി തന്നെ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ലാവലിന്‍ കേസിനെ ഇത് ബാധിച്ചിരുന്നില്ല.
1995ല്‍ ഉണ്ടായ കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. കേസ് അനന്തമായി നീണ്ടു പോകുന്നത് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയുടെ അടിയന്തര നീക്കം.


