യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ജിതിന്, ഭാര്യ ഹസീന, അന്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് മാസം എട്ടിനാണ് കവര്‍ച്ച നടന്നത്. ഒന്നാം പ്രതിയായ ഹസീന ജോലി ആവശ്യപ്പെട്ടാണ് വൈക്കം സ്വദേശിയായ യുവാവിനെ സമീപിച്ചത്. തൃപ്പൂണിത്തുറയില്‍ ഹോം നേഴ്സിംഗ് സര്‍വ്വീസ് നടത്തുകയാണ് യുവാവ്. ജോലി അവസരങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് യുവാവ് ഹസീനയ്ക്ക് വാട്സ്ആപ്പില്‍ മെസേജ് ചെയ്തു.
കുറച്ച് ദിവസങ്ങളുടെ പരിചയത്തില്‍ ഹസീന യുവാവിനോട് പണം വേണമെന്ന് ആവശ്യപ്പെട്ടതിന് പ്രകാരമാണ് ലോഡ്ജില്‍ പോയതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനായി അയച്ച് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഹസീന സമ്മതിച്ചില്ല. ലോണ്‍ എടുത്തിട്ടുള്ളതിനാല്‍ അക്കൗണ്ടിലെത്തിയാല്‍ പണം ബാങ്കുകാര് പിടിക്കുമെന്ന് പറഞ്ഞ് നേരിട്ട് നല്കാന് ആവശ്യപ്പെട്ടു. പണം നല്‍കാനായി യുവാവ് സംഭവം നടന്ന ലോഡ്ജിലെത്തി. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ ഹസീനയുടെ ഭര്‍ത്താവ് ജിതിനും അനസും അന്‍ഷാദും ഇവിടേക്കെത്തുകയും യുവാവിനെ കസേരയോടെ കെട്ടിയിടുകയുമായിരുന്നു.
ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തോര്‍ത്ത് തിരുകി മര്‍ദ്ദിക്കുകയും ചെയ്തു. കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാല, മോതിരം കൈച്ചെയിന്‍ എന്നിവ അവര്‍ ഊരിയെടുത്തു. ഇയാളുടെ പക്കലുണ്ടായിരുന്ന 30000 രൂപയും കവര്‍ച്ച ചെയ്തു. എടിഎം പിന് നമ്പര്‍ ഭീഷണിപ്പെടുത്തി എടുക്കുകയും അതില്‍ നിന്ന് 10000 രൂപ പിന്‍വലിക്കുകയും ചെയ്തു. കൂടാതെ ഫോണ്‍ തട്ടിയെടുത്ത് അത് വിറ്റ് പണമാക്കി. ഇതിനെല്ലാം പുറമെ യുവാവിനെ ഭീഷണിപ്പെടുത്തി ഹസീന ഓണ്‍ലൈന്‍ വഴി 15000 രൂപ കൂടി വാങ്ങിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.
സംഭവം പുറത്തു പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ വഴി അപമാനിക്കുമെന്നായിരുന്നു ഭീഷണി. അതുകൊണ്ടു തന്നെ ആദ്യം പരാതിപ്പെടാന്‍ യുവാവ് ഭയന്നു. എന്നാല്‍ പിന്നീട് ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഹസീനയെയും ജിതിനെയും അന്‍ഷാദിനെയും പിടികൂടി. മറ്റൊരു പ്രതിയായ അനസ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരിച്ചില്‍ തുടരുകയാണ്.


