സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ശ്രമം പൊളിഞ്ഞു പോയതു കൊണ്ട് വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. പിണറായി വീണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാര് ബന്ധപ്പെട്ടവരുടെ അറിവില്ലാതെ ഒരിക്കലും ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ആദ്യം വിജിലന്‍സിനെ ഉപയോഗിച്ച് ഒരു പ്രതിയുടെ ഫോണ്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് ആരോപണമുന്നയിച്ചയാളെ സ്വാധീനിക്കാന്‍ മറ്റൊരാളെ ഉപയോഗിച്ചു. ഇതെല്ലാം പുറത്തറിഞ്ഞ് ഈ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. വിജിലന്‍സിന്റെ മാനുവലില്‍ പോലും ഇല്ലാത്ത അധികാരം വിജിലന്‍സ് ഉപയോഗിക്കുന്നു. ഇതൊന്നും കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണ്. ചുറ്റും പോലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനകത്തിരിപ്പാണ്.
മാധ്യമ പ്രവര്‍ത്തകരെയും ജനങ്ങളെയും ഭയമാണ്. മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആരാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്, ഇവിടെ കഴിഞ്ഞകാല അനുഭവം നമ്മള് എടുത്തു നോക്കുക. സമരം ചെയ്യുന്നത് കലാപമാണോ? അങ്ങനെ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആരാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശമുണ്ട് പ്രതിപക്ഷത്തിന്. ആ അവകാശത്തെ ഇത് പോലെ പോലീസിന്റെ നോട്ടീസും മറ്റു നടപടികളും കൊണ്ട് അടിച്ചമര്‍ത്താം എന്ന ധാരണ സര്‍ക്കാരിന് വേണ്ട എന്നും രമേശ് ചെന്നിത്തല പറഞ്ഞു.


