മൂവാറ്റുപുഴ: കേരളത്തിന്റെ കാര്‍ഷിക മേഖലയെ പിണറായി സര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കാര്‍ഷിക മേഖല തകര്‍ന്നപ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെയാണ് തകര്‍ന്നത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് പൈനാപ്പിള്‍ കര്ഷകന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനായി ഡോ. മാത്യു കുഴല്നാടന് എംഎല്‍എയും ജനപ്രതിനിധികളും നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയില്‍ ആരംഭിച്ച ഈ സമരം വരും ദിവസങ്ങളില്‍ കേരളം മുഴുവന്‍ ഏറ്റെടുക്കുമെന്ന് സതീശന് പറഞ്ഞു. കൊവിഡിനു ശേഷമുള്ള കര്‍ഷകരുടെ സാഹചര്യം വളരെ ദയനീയം. നമ്മുടെ കര്ഷന് തളര്‍ന്നു വീണാല്‍ നാം എന്തു ചെയ്യും. അവരെ താങ്ങിനിര്‍ത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.
കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടര്‍ന്നു. പൈനാപ്പിള്‍ കിലോയ്ക്ക് 24 രൂപ ഉദ്പാദിപ്പിക്കാന്‍ ചെലവുവരുമ്പോള്‍ 10 രൂപയാണ് വില്ക്കുമ്പോള് ലഭിക്കുന്നത്. ഇവിടുത്തെ പൈനാപ്പിള്‍ തന്നെത്താനെ എടുത്തുകൊണ്ടു പൊയ്ക്കോളാനാണ് കര്‍ഷകര്‍ പറഞ്ഞത്.
അത്തരത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നവരാണ് പൈനാപ്പിള്‍ കര്‍ഷകര്‍. പൈനാപ്പിള്‍ കൃഷി തകര്‍ന്നാല്‍ ഈ പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെ താറുമാറാകും. ഇക്കാര്യങ്ങളൊക്കെ മാത്യു കുഴല്നാടന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അതൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇപ്പോഴിതാ ഒരു പാവപ്പെട്ട പൈനാപ്പിള്‍ കര്ഷകന് ആത്മഹത്യ ചെയ്തിരിക്കുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ രണ്ടു തവണ 20000 കോടി രൂപ വീതം കൊവിഡ് പാക്കേജായി പ്രഖ്യാപിച്ചു. ഇതില്‍ കാര്‍ഷികമേഖലയ്ക്ക് വളരെ തുച്ഛമായ തുകയാണ് മാറ്റിവച്ചത്. കൊവിഡ് കാലത്ത് വായ്പ തിരിച്ചടവിനു മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തുക തിരിച്ചടയ്ക്കേണ്ട സമയമായപ്പോള്‍ കര്‍ഷകര്‍ക്കു നിവൃത്തിയില്ലാത്ത സാഹചര്യമാണ്. കടം തിരിച്ചിടയ്ക്കാത്തവര്ക്കെതിരേ സര്‍ഫാസി നിയമം പ്രയോഗിക്കുകയാണ് ബാങ്കുകള്‍. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കേന്ദ്ര, സംസ്ഥാന, സര്‍ക്കാരുകള്‍ കര്‍ഷകവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകണമെന്ന് സതീശന് പറഞ്ഞു.
യുഡിഎഫ് ചെയര്മാന് കെ.എം. സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, ഇടുക്കി മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുസ്ലിം ലിഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ്, ഡി.സി സി വൈസ് കെ എം പരീത്, പി എ ബഷീര്‍, എം എം, സീതി, വിന്‍സന്റ് ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം വിവിധ ജനപ്രതിനിധികളും ഉപവാസ സമരത്തില്‍ പങ്കെടുത്തു. സമാപന യോഗത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം പങ്കെടുക്കും.


