ആരോഗ്യ മേഖലയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്.
2019-20 വര്‍ഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്നാടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. തെലങ്കായും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. എന്നാല്‍ ആരോഗ്യ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന സംസ്ഥാനവും ഉത്തര്‍ പ്രദേശാണെന്ന് പട്ടികയില്‍ പറയുന്നു. ചെറുസംസ്ഥാനങ്ങളില്‍ മിസോറാമാണ് ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടിയ സംസ്ഥാനം.
സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്.
സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും വിനോദ് കുമാര്‍ പറഞ്ഞു.


