കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ടോവിനോ- ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലെ ഹൈലൈറ്റ് തമിഴ് താരം ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപത്രമാണ്.
സോഷ്യല്‍ മീഡിയയിലെങ്ങും ഷിബു എന്ന കഥാപത്രത്തേയും അത് അവതരിപ്പിച്ച ഗുരു സോമസുന്ദരത്തെയും കുറിച്ചുള്ള ചര്‍ച്ചകളാണ്. മാര്‍വെല്‍ സൂപ്പര്‍ ഹീറോ സിനിമകളിലെപ്പോലെ വില്ലനും വ്യക്തിത്വം കൊണ്ടു വരാന്‍ മിന്നല്‍ മുരളിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുരു സോമസുന്ദരം അസാധ്യ പ്രകടനം കാഴ്ചവച്ചതായാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഒരു വില്ലന്‍ ഇത്രയധികം നിഷ്കളങ്കനും അതേസമയം ക്രൂരനും ആകാന്‍ സാധിക്കുമോ എന്ന് അതിശയിച്ചു പോകും.
തിയേറ്റര്‍ നാടകങ്ങളിലൂടെയാണ് ഗുരു സോമസുന്ദരം അഭിനയരംഗത്തെത്തിയത്. 2002 മുതല്‍ 2011 വരെ നാടകങ്ങളില്‍ സജീവമായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ സംവിധായകന് ത്യാരാജന്‍ കുമാരരാജയുടെ ‘ആരണ്യ കാണ്ഡ’ത്തിലൂടെയാണ് ഗുരു വെള്ളിത്തിരയിലെത്തുന്നത്. 2016 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രം ‘ജോക്കറി’ലെ പ്രകടനവും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഗുരുസോമസുന്ദരം. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് അദ്ദേഹം മോളിവുഡില്‍ എത്തുന്നത്. അഞ്ച് സുന്ദരികളിലും നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇതാദ്യമായിട്ടായിരിക്കും മലയാള സിനിമയില്‍ നായകനോടൊപ്പം വില്ലനും ആരാധകരെ ലഭിക്കുന്നത്.
സൂര്യയുടെ ‘ജയ് ഭീം’ സിനിമയില്‍ പബ്ലിക് പ്രോസിക്യൂട്ടറായ ചെല്ലപാണ്ഡ്യനെ അവതരിപ്പിച്ചതും ഗുരു സോമസുന്ദരം ആയിരുന്നു. മാമനിതന്‍, ഇന്ത്യന്‍ 2, പരമ ഗുരു എന്നിവയാണ് ഗുരു സോമസുന്ദരത്തിന്റെ പുതിയ പ്രോജക്ടുകള്‍.
അതേസമയം മിന്നല്‍ മുരളിക്ക് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുമിച്ചിരുന്ന് കാണാന്‍ കഴിയുന്ന ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം.


