മഴക്കെടുതിയും ഡാമുകള്‍ തുറക്കുന്നതും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. രാവിലെ 10 മണിക്കാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര്‍ വകുപ്പ് തലവന്മാര്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.
കേരളത്തിലെ അഞ്ച് നദികളിലാണ് ഇന്നലെ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചത്. മണിമല, കല്ലട, അച്ഛന് കോവില്‍, കരമന, നെയ്യാര്‍ എന്നി നദികള്‍ക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതിന് പുറണെ ഇടുക്കി, പമ്പാ ഡാമുകളിലും ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 22 ആണ്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയും മരിച്ചു.
കക്കിആനത്തോട്, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറക്കും. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്. ജലനിരപ്പ് 2396.86 അടിയിലെത്തുന്നു. 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.86 അടിയായാല്‍ ഡാം തുറക്കണം. ഡാം തുറക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാരിന്റേയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. കൊല്ലം തെന്മല അണക്കട്ടിന്റെ ഷട്ടര്‍ രാവിലെ ഏഴുമണി മുതല്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തും. രണ്ടുമീറ്റര്‍ വരെ ഉയര്‍ത്താനാണ് തീരുമാനം. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
ഷോളയാര്‍ ഡാം തുറക്കും. 100 ക്യുമെക്സ് അധികജലം ചാലക്കുടി പുഴയിലേയ്ക്കൊഴുക്കും. തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് മഴ തുടരുന്നത്. ഡാമുകള്‍ തുറന്നതിനാല്‍ കുറുമാലി, മണലി പുഴകളില്‍ ജലനിരപ്പുയര്‍ന്നു.
പത്തനംതിട്ട ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ മുന്നറയിപ്പ് നല്കി. പത്തനംതിട്ട കക്കി ഡാമിന്റെ ഷട്ടറുകള്‍ 11 മണിക്ക് തുറക്കും.
താഴ്ന്ന പ്രദേശങ്ങളിലും തീരങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയുടെ നഗരമേഖലയില്‍ മഴ ശമിച്ചിട്ടുണ്ട്. രാത്രി 10നുശേഷം കാര്യമായ മഴയില്ല.


