പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കഴുത്തറുത്ത് കൊന്ന നിതിന മോളുടെ മൃതദേഹം സംസ്കരിച്ചു. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിതിനയുടെ മൃതദേഹം സംസ്കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്. നിതിനയുടെ അപ്രതീക്ഷിത മരണത്തിലുള്ള ഞെട്ടലില്‍ നിന്ന് നാട്ടുകാരും സുഹൃത്തക്കളും ഇപ്പോഴും മോചിതരായിട്ടില്ല.
അതിനിടെ പ്രതി അഭിഷേകിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കോളജില്‍ എത്തിയത് മുതല്‍ കൊലപാതകം നടത്തിയതുവരെയുള്ള കാര്യങ്ങള്‍ അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു കൊലപാതക വിവരങ്ങള്‍ അഭിഷേക് വിശദീകരിച്ചത്. കോളജിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയുമായി പൊലീസ് മടങ്ങി. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഇന്നലെയാണ് പാല സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന മോള് സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതിന മരിച്ചു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി.


