നിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ത ധമനികള്‍ മുറിഞ്ഞു പോയിരുന്നു. രക്തം വാര്‍ന്നതാണ് മരണ കാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നിതിനയുടെ സംസ്കാരം അല്പസമയത്തിനകം തലയോലപറമ്പിന് സമീപത്തെ തുറുവേലിക്കുന്നില്‍ നടക്കും. അതേസമയം, നിതിനയെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് വിലയിരുത്തല്‍. ഒരാഴ്ച മുന്‍പേ ബ്ലേഡ് വാങ്ങിയെന്ന് പ്രതി അഭിഷേക് പൊലീസിനോട് സമ്മതിച്ചു. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടാണ് അഭിഷേക് എത്തിയത്. നിതിനയുടെ അമ്മയ്ക്ക് അടക്കം ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും പ്രതി സമ്മതിച്ചു.
ഇന്നലെയാണ് പാല സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന മോള് സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതിന മരിച്ചു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് അഭിഷേക് മൂര്‍ച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.


