ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിനു വിജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും സ്വന്തമാക്കി. ഓസ്ട്രേലിയ മുന്നോട്ടുവച്ച 390 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി വിരാട് കോലി 89 റണ്‍സെടുത്ത് ടോപ്പ് സ്കോററായി. ലോകേഷ് രാഹുല്‍ 76 റണ്‍സെടുത്തു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ 58 റണ്‍സാണ് മായങ്ക്- ധവാന് സഖ്യം കൂട്ടിച്ചേര്‍ത്തത്. ധവാനെ (30) സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ച ഹേസല്‍വുഡ് ആണ് ഓസീസിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ഏറെ വൈകാതെ മായങ്കും (28) മടങ്ങി.
മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി-ശ്രേയാസ് സഖ്യം മികച്ച കളിയാണ് കെട്ടഴിച്ചത്. ഫോമിലേക്ക് തിരികെ വരുന്നതിന്റെ സൂചനകള്‍ നല്കി കോലി കത്തിക്കയറിയതോടെ റണ്‍സ് എത്തി. ഒടുവില്‍ മോയിസസ് ഹെന്റിക്കസാണ് 93 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 റണ്‍സെടുത്ത ശ്രേയാസിനെ സ്മിത്ത് പിടികൂടി. നാലാം വിക്കറ്റില്‍ ലോകേഷ് രാഹുല്‍-വിരാട് കോലി സഖ്യവും നന്നായി ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ ഇരുവരും ഫിഫ്റ്റിയും തികച്ചു. 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഉയര്‍ത്തിയത്. 89 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കിയ ഹേസല്‍വുഡ് വീണ്ടും ഓസ്ട്രേലിയക്ക് ബ്രേക്ക്ത്രൂ നല്കി. ഹേര്ദ്ദിക് പാണ്ഡ്യയുമൊത്ത് 63 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ലോകേഷ് രാഹുലും (76) മടങ്ങി. രാഹുലിനെ സാമ്പ ഹേസല്‍വുഡിന്റെ കൈകളില്‍ എത്തിച്ചു.
അവസാന ഓവറുകളില്‍ ജഡേജയും പാണ്ഡ്യയും കൂറ്റന്‍ ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും വിജയലക്ഷ്യം ഏറെ ദൂരെയായിരുന്നു. 24 റണ്‍സെടുത്ത ജഡേജ കമ്മിന്‍സിന്റെ പന്തില്‍ മാക്സ്വലിന്റെ കൈകളില്‍ അവസാനിച്ചപ്പോള്‍ പാണ്ഡ്യയെ (28) സ്മിത്ത് പിടികൂടി. ഷമിയെ (1) സ്വന്തം ബൗളിംഗില്‍ മാക്സ്വല്‍ പിടികൂടി. ബുംറയെ (0) സാമ്പ വിക്കറ്റിനു മുന്നില്‍ കുരുക്കി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 389 റണ്‍സെടുത്തത്. സ്മിത്ത് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടി ടോപ്പ് സ്കോററായപ്പോള്‍ വാര്‍ണര്‍, ഫിഞ്ച്, ലെബുഷെയ്ന്, മാക്സ്വല്‍ എന്നിവര്‍ ഫിഫ്റ്റി നേടി.


