ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം. 303 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 289 റണ്‍സിന് പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്നുവിക്കറ്റും ജസ്പ്രീത് ബുംറ, അരങ്ങേറ്റ മല്‍സരം കളിച്ച തങ്കരസു നടരാജന് എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി. 152 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ- രവീന്ദ്ര ജഡേജ സെഞ്ചുറി കൂട്ടുകെട്ടാണ് 300 കടത്തിയത്. പാണ്ഡ്യ 92 റണ്‍സും ജഡേജ 66 റണ്‍സുമെടുത്തു. 33 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഗ്ലെന്‍ മാക്സ്്വെല്‍ പൊരുതിയെങ്കിലും 45ാം ഓവറില്‍ ബുംറ മാക്സവെല്ലിനെ പുറത്താക്കിയത് നിര്‍ണായകമായി. ആരണ് ഫിഞ്ച് 75 റണ്‍സെടുത്തു. ഏകദിന പരമ്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി.
പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 82 പന്തുകള്‍ നേരിട്ട ഫിഞ്ച് ഏഴു ഫോറും മൂന്നു സിക്സും സഹിതം 75 റണ്‍സെടുത്തു. ഐപിഎലിലെ ദയനീയ പ്രകടനത്തിന്റെ നിഴലില്‍നിന്ന് പുറത്തുകടന്ന ഗ്ലെന്‍ മാക്സ്വെലിന്റെ അര്‍ധസെഞ്ചുറിയും എടുത്തുപറയണം. 38 പന്തില്‍ മൂന്നു ഫോറും നാലു സിക്സും സഹിതമാണ് പരമ്പരയില്‍ രണ്ടാം വട്ടം മാക്സ്വെല് അര്‍ധസെഞ്ചുറി നേടിയത്.
അലക്സ് കാരി (42 പന്തില്‍ 38), മോയ്സസ് ഹെന്റിക്വസ് (31 പന്തില്‍ 22), കാമറോണ്‍ ഗ്രീന്‍ (27 പന്തില്‍ 21), ആഷ്ടണ്‍ ആഗര്‍ (28 പന്തില്‍ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണറായെത്തിയ മാര്‍നസ് ലബുഷെയ്ന് (13 പന്തില്‍ ഏഴ്), കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അതിവേഗ സെഞ്ചുറികള്‍ കുറിച്ച് കരുത്തുകാട്ടിയ സ്റ്റീവ് സ്മിത്ത് (15 പന്തില്‍ ഏഴ്) എന്നിവര്‍ നിരാശപ്പെടുത്തി. സീന്‍ ആബട്ട് (ഒന്‍പത് പന്തില്‍ നാല്), ആദം സാംപ (ഏഴു പന്തില്‍ നാല്), ജോഷ് ഹെയ്സല്‍ വുഡ് (ഏഴു പന്തില്‍ പുറത്താകാതെ ഏഴ്) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ പ്രകടനം.
ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റ മത്സരം കളിച്ച ടി. നടരാജന് 10 ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 69 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഷാര്‍ദുല്‍ താക്കൂര്‍ 10 ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 51 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ചെഹലിനു പകരം ടീമിലെത്തിയ കുല്‍ദീപ് യാദവ് 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്രയ്ക്ക് രണ്ടും രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുമുണ്ട്.
നേരത്തെ, ഏകദിനത്തിലെ കന്നി സെഞ്ചുറിയെന്ന നേട്ടത്തിന്റെ പടിവാതില്ക്കല് ഒരിക്കല്‍ക്കൂടി പോരാട്ടം അവസാനിപ്പിക്കേണ്ട വന്ന ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്കെത്തിയത്. പാണ്ഡ്യയ്ക്കു പുറമെ അര്‍ധസെഞ്ചുറികളുമായി ക്യാപ്റ്റന്‍ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരും നിറഞ്ഞുനിന്ന ഇന്നിങ്സിനൊടുവില്‍, ഓസീസിനു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 303 റണ്‍സ് വിജയലക്ഷ്യം. പിരിയാത്ത ആറാം വിക്കറ്റില്‍ 108 പന്തില്‍നിന്ന് ഇരുവരും അടിച്ചെടുത്ത 150 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. പരമ്പരയിലെ രണ്ടാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി 78 പന്തില്‍ 63 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 302 റണ്‍സെടുത്തത്. പരമ്പരയിലാദ്യമായാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്.
സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, രണ്ടാം വിക്കറ്റില്‍ വിരാട് കോലി ശുഭ്മാന്‍ ഗില്‍ സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് അടിത്തറയായത്. ഇരുവരും 59 പന്തില്‍നിന്ന് അടിച്ചെടുത്തത് 56 റണ്‍സ്. പിന്നാലെ ഓസീസ് താരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യന്‍ മുന്നേറ്റത്തിന് മൂക്കുകയറിട്ടെങ്കിലും, പിരിയാത്ത ആറാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ- രവീന്ദ്ര ജഡേജ സഖ്യം താങ്ങായി.
ഇന്ത്യന്‍ നിരയില്‍ പരമ്പരയിലാദ്യമായി അവസരം ലഭിച്ച യുവതാരം ശുഭ്മാന്‍ ഗില്‍ 39 പന്തില്‍ 33 റണ്‍സെടുത്തു. ഓപ്പണറായെത്തിയ ഗില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതമാണ് 33 റണ്‍സെടുത്തത്. ശിഖര്‍ ധവാന് (27 പന്തില്‍ 16), ശ്രേയസ് അയ്യര്‍ (21 പന്തില്‍ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ 11 പന്തില്‍ അഞ്ച് റണ്‍സ് നേടി.


