കൊച്ചി: രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വിമർശനവുമായി അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് അസാധാരണ നടപടിയാണ്. ഈ നടപടിയിൽ പ്രതിപക്ഷ നിര ഐക്യപ്പെടണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. സർക്കാരിനെതിരെയും മുഖപ്രസംഗത്തിലും രൂക്ഷ വിമർശനമുണ്ട്.
മുഖപ്രസംഗത്തിൽ നിന്ന്
കോടതി വിധിയാണെന്ന് പറഞ്ഞ് അയോഗ്യനാക്കിയ നടപടി ന്യായീകരിക്കുന്നത്. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുളള സമയം പോലും നൽകാതെയാണ് അയോഗ്യനാക്കിയത്. ഇത് അസാധാരണമാണ്. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷം ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയേയും മുഖപ്രസംഗം വിമർശിച്ചു. ഇവിടുത്തെ ഭരണപക്ഷം കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കുമ്പോൾ അടിയന്തര പ്രമേയത്തിന് വേണ്ടി വാദിക്കുന്നവരാണ്. അവിടെ ചർച്ചയാവാം ഇവിടെ പാടില്ല എന്നത് അവസരവാദമാണെന്നും അങ്കമാലി അതിരൂപത വിമർശിച്ചു.


