മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളിൽ കേസ് ദുർബലപ്പെടുത്താൻ പൊലിസിന്റെ ബോധപൂർവ്വമായ ശ്രമം
തൊടുപുഴ : ഇടുക്കിയിൽ മാധ്യമ പ്രവർത്തകർക്ക് നിർഭയമായി ജോലി നോക്കുന്നതിന് അവസരമില്ലെന്നും ക്രിമിനലുകൾ പത്രസ്വാതന്ത്ര്യം കണക്കിലെടുക്കാതെ അക്രമിക്കുകയാണെന്നും പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി.
പോലീസിെൻ്റ സാന്നിധ്യത്തിലടക്കമാണ് അനിഷ്ട സംഭവങ്ങളുണ്ടാകുന്നത്. അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് സഹായം അഭ്യർത്ഥിച്ചാലും ലഭിക്കാറില്ല. ഇടുക്കി ജില്ലാ പോലീസ് മേധാവിയെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടാൽ പോലും തികഞ്ഞ നിസംഗതയാണ് പുലർത്തുന്നത്. ഒരിക്കൽ പോലും ഫോൺ അറ്റൻ്റ് ചെയ്യാറില്ല.
മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളിൽ കേസ് ദുർബലപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമാണ് പോലീസിെൻ്റ ഭാഗത്ത് നിന്നുള്ളത്. മിക്ക സംഭവങ്ങളിലും ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപെടാനുള്ള പഴുത് ഒരുക്കുകയാണെന്നും യോഗം ആരോപിച്ചു.
ജില്ലയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അവസരങ്ങളിലാണ് അക്രമങ്ങൾ കൂടുതലുണ്ടാകുന്നത്. കയ്യേറ്റ മാഫിയാണ് ഇതിന് പിന്നിലെന്നും ഇതിന് എല്ലാ രാഷ്ട്രീയ കക്ഷികളിലും പെട്ട ചില നേതാക്കളുടെ ഒത്താശയുണ്ട്.
തിങ്കളാഴ്ച അടിമാലിയിൽ അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധം റിപ്പോർട്ട് ചെയ്യുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് രണ്ട് മാധ്യമ പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായത്. സമരത്തിൽ നുഴഞ്ഞുകയറിയ റിസോർട്ട് മാഫിയ ഗുണ്ടകളാണ് ഭൂമി കയ്യേറ്റങ്ങൾ പുറത്ത് വരാതിരിക്കാൻ അക്രമം നടത്തിയത്. ഇവിടെ എസ് ഐ യുടെ അടക്കം സാന്നിധ്യമുണ്ടായിരുന്നു.
ഭൂമി കയ്യേറ്റം അടക്കം ജില്ലയിലുണ്ടാകുന്ന സംഭവങ്ങൾ പൊതു സമൂഹത്തിലെത്തിക്കേണ്ടത് മാധ്യമ പ്രവർത്തകരുടെ കർത്തവ്യമാണ്. അക്രമങ്ങളുടെയോ ഭീഷണിയുടേയോ പശ്ചാത്തലത്തിൽ ഈ ചുമതലയിൽ നിന്ന് പി്ന്നോട്ട് പോകാനാകില്ല.
ന്യായമായ ഭൂസമരങ്ങൾക്ക് മാധ്യമങ്ങൾ മാധ്യമങ്ങൾ എതിരാണെന്ന് വരുത്തി തീർക്കാൻ കയ്യേറ്റ മാഫിയുമായി ബന്ധപ്പെട്ട് ചില ഗൂഢശകതികൾ പ്രവർത്തിക്കുന്നു. ഇക്കൂട്ടരാണ് അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ ഉറപ്പാക്കേണ്ടതും സുഗമമായ മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കേണ്ടതും ജനാധിപത്യ ഭരണകൂടത്തിെൻ്റ കടമയാണ്. നിർഭാഗ്യവശാൽ ഇത് നിർവ്വഹിക്കപ്പെടാത്തതാണ് പലപ്പോഴും നിരന്തരം ഉണ്ടാകുന്ന അക്രമങ്ങൾക്ക് കാരണം. പോലീസിെൻ്റ ഗുരുതര വീഴ്ച ഇവിടെ എടുത്തു പറയേണ്ടതുണ്ടെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.
അടിമാലിയിലുണ്ടായ അതിക്രമത്തെ യൂണിയൻ അപലപിച്ചു. മീഡിയാ വൺ റിപ്പോർട്ടർ ആൽവിൻ തോമസിനും ക്യാമറാമൻ വിൽസൺ കളരിക്കലിനും നേരേയാണ് തിങ്കളാഴ്ച അക്രമം ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാധ്യമ പ്രവർത്തകർ അക്രമിക്കപ്പെട്ടത് നിർഭാഗ്യകരമാണെന്നും കർശന നിയമ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം എക്സിക്യുട്ടീവ് അംഗം വിനോദ് കണ്ണോളി അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എൻ സുരേഷ്, ജീവ് ടോം മാത്യു, ജോൺസൺ വേങ്ങത്തടം, ഹാരീസ് മുഹമ്മദ്, എസ് വി രാജേഷ്, ബാസിത് ഹസൻ, റോണി ജോസഫ്, സി. സമീർ തുടങ്ങിയവർ സംസാരിച്ചു


