മുവാറ്റുപുഴ: വാളകത്ത് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങളുടെ വഴിവെട്ട്’. തടഞ്ഞ പഞ്ചായത്ത് അംഗങ്ങൾക്ക് വധഭീഷണിയും. പഞ്ചായത്ത് വക വഴിയും അക്രമിസംഘം നശിപ്പിച്ചു. വാളകം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കരിപ്പാൽ വർഗീസിന്റെ സ്ഥലത്തേക്കാണ് ഇന്നലെ ഇരുന്നൂറോളം ഗുണ്ടകളുടെ നേതൃത്വത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബലമായി വഴി വെട്ടിയത്.
പഞ്ചായത്ത് മെമ്പർ വിളിച്ചറീയിച്ചതിനെതുടർന്ന് പോലീസ് സ്ഥലത്തെത്തിയതോടെ ഓടിമറഞ്ഞ ഗുണ്ടകൾ പോലീസ് പിൻവാങ്ങിയതോടെ വീണ്ടുമെത്തി വഴിവെട്ടൽ തുടരുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. വീണ്ടുമെത്തിയ പോലീസ് പണി നിർത്തിവെപ്പിക്കുകയായിരുന്നു.
തേവർമഠത്തിൽ നാരായണൻ, തോമ്പിക്കൊട്ട് പൗലോസ് ടി എം, ടി എം മാത്യു, ടി എം ജോൺ എന്നിവരുടെ സ്ഥലങ്ങളാണ് പഞ്ചായത്ത് തൊണ്ടിനു ഇരു വശവും ഉള്ളത്. പഞ്ചായത്ത് തൊണ്ടും നികത്തി സമീപത്തുള്ള സ്വാകാര്യ വ്യക്തികളുടെ ഭൂമിയും മരങ്ങളും ഇടിച്ചു നിരത്തിയാണ് കരിപ്പാലിൽ വർഗീസ് എന്ന വ്യക്തി ഗുണ്ടകളെ ഇറക്കി വഴി വെട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു.
പത്ത് സെന്റ് സ്ഥലത്തു താമസിക്കുന്ന നാരായണൻ തേവർമഠത്തിൽ എന്ന നിർധന കുടുംബത്തിന്റെ ഭൂമിയും ബലമായി ഇടിച്ചു നിരത്തി.
വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, പഞ്ചായത്ത് മെമ്പർമാരായ ബിനോ കെ ചെറിയാൻ, ജോളിമോൻ ചുണ്ടയിൽ എന്നിവരെ ഗുണ്ടകൾ തടഞ്ഞു. വഴി വെട്ടുന്നതിനു തടസം നിന്നാൽ പഞ്ചായത്ത് വാഹനത്തിൽ ഇട്ടു മെമ്പർമാരെ കത്തിച്ചുകളയും എന്ന് ഭീഷണി മുടക്കിയതായി അംഗങ്ങൾ പറഞ്ഞു. വാർഡ് മെമ്പറായ ബിനോ കെ ചെറിയാൻ പോലീസിനെ വിവരം അറിയിക്കുകയും ടൗണിൽ റോഡ് നിർമാണം നടക്കുന്നതിനാൽ പോലീസ് എത്താൻ വൈകുകയും ചെയ്തു.
കോടതി മുൻപാകെ ഇരിക്കുന്ന കേസ് ആണ് ഇതെന്നും, റീ സർവ്വേ ചെയ്തു അളന്നു തിട്ടപ്പെടുത്തി പഞ്ചായത്തിന്റെ രേഖകളിൽ ഉള്ള തൊണ്ടാണ് ഗുണ്ടകളെ ഇറക്കി നികത്തിയത് എന്നും വാർഡ് മെബർ വ്യക്തമാക്കി. ‘പഞ്ചായത്ത് തോണ്ട് നികത്തി നിർധന കുടുംബത്തിന്റെ സ്ഥലവും കൈയ്യറി വഴി വെട്ടിയത് ജനാധിപത്യ രാജ്യത്തു നടക്കാൻ പാടില്ലാത്തതാണെന്നു മെമ്പർ ബിനോ കെ ചെറിയാൻ വ്യക്തമാക്കി. സംഭവത്തിൽ പോലീസിന് മാസ്സ് പെറ്റീഷൻ നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ’