കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയിലെ സമയക്രമീകരണവും മാധ്യമങ്ങളെ തടഞ്ഞതും ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതിയുടെ പരിഗണനക്കെത്തും. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയേയും എതിര്‍കക്ഷിയാക്കിയാണ് ഈ ഹര്‍ജി. ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചത് ചോദ്യം ചെയ്ത് ഒരു സ്വകാര്യ ചാനല്‍ സമര്‍പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. കര്‍ണ്ണാടക , തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുളള തീവ്ര സ്വഭാവമുള്ളവര്‍ എത്തുമെന്ന വിവരം ലഭിച്ചിരുന്നു അതിനാല്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങളെ തടഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്ന് ടി. ആര് രമേശ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.

