തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തോല്‍വി ഭയന്നാണ് യുഡിഎഫ് വ്യാജ പ്രചാരണവുമായി ഇറങ്ങിയതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മോശം പ്രചാരണമാണ് തൃക്കാക്കരയില്‍ യുഡിഎഫ് നടത്തിയിരിക്കുന്നത്. തൃക്കാക്കരയില്‍ ഇടതു മുന്നണിയുടെ വിജയം ഉറപ്പായിക്കഴിഞ്ഞെന്നും കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന് വിലയിരുത്തി. അന്ന് എല്‍ഡിഎഫിന്റെ പല വോട്ടര്‍മാരും വോട്ടെടുപ്പിന് എത്തിയില്ല. ഉപതെരഞ്ഞെടുപ്പിലെ കനത്ത പോളിംഗ് ശതമാനം എല്‍ഡിഎഫിന്റെ വിജയമുറപ്പിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
വോട്ടെടുപ്പ് ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് 30 ശതമാനം പിന്നിട്ടിരിക്കുകയാണ്. എല്‍ഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും’. ജോ ജോസഫ് പറഞ്ഞു.
ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി താനെത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷണന് പറഞ്ഞു. പിണറായി വിജയന്റെയും വിഡി സതീശന്റെയും വാട്ടര്‍ലൂ ആയിരിക്കും ഇത്തവണ തൃക്കാക്കര മണ്ഡലത്തിലെന്നും രാധാകൃഷണന് കൂട്ടിച്ചേര്‍ത്തു.
എല്ലാ ബൂത്തുകളിലും ഏഴ് മണി മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജോ ജോസഫ് പടമുഗള്‍ വോട്ട് ചെയ്തപ്പോള്‍ പാലാരിവട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വോട്ടു രേഖപ്പെടുത്തി. യുഡിഎഫിന് ജയം ഉറപ്പാണെന്ന് ഹൈബി ഈഡന് എംപി മാധ്യമങ്ങളോട് പറഞ്ഞു.