കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണത്തിലെ പ്രതികരണത്തില്‍ വിശദീകരണവുമായി മന്ത്രി ആര് ബിന്ദു. പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിച്ചു, പ്രശ്നം നേരിട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ ചുമതലയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘സ്ഥാപനം എന്റെ മണ്ഡലത്തില്‍ ആയതിനാല്‍ അതുമായി ബന്ധപ്പെട്ട പ്രശ്നം നേരിട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ ചുമതലയാണ്. അത് ഞാന്‍ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍പാകെ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ചര്‍ച്ച ചെയ്യുന്നുണ്ട്. സഹകരണ വകുപ്പ് 25 കോടി കരുവന്നൂര്‍ ബാങ്കിന് ലഭ്യമാക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഫിലോമിനയുടെ മരണത്തില്‍ തന്റെ പ്രതികരണത്തിന്റെ ചെറിയ ഭാഗം മാത്രമാണ് കാണിച്ചത്. എന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് എന്നെ അറിയാം.’ മന്ത്രി ആര് ബിന്ദു പറഞ്ഞു.
ഫിലോമിനക്ക് ആവശ്യമായ പണം നല്‍കിയിരുന്നുവെന്നായിരുന്നു മന്ത്രിയുടെ വാദം. മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. ആര്‍ബിഐക്ക് നിരന്തരം കത്തുകള്‍ അയച്ചു കൊണ്ട് അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ രാഷ്ട്രീയ ദുരുപധിഷ്ഠിതമായ ലാക്കുകള്‍ ഉണ്ടായിരുന്നു. അത് തന്നെയാണ് മൃതദേഹം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സമരത്തിലും കണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്. ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണസമിതി നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച പണം, പ്രവാസിയായ ഭര്‍ത്താവിന്റെ പണം അടക്കം 30 ലക്ഷം രൂപയായിരുന്നു ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്.


