തിരുവനന്തപുരം: ഇ പി ജയരാജന് – പ്രകാശ് ജാവദേക്കര്‍ വിവാദങ്ങള്‍ക്കിടെ സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരെഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട എങ്കിലും ഇപി വിവാദവും ഇന്ന് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാവും. ജയരാജനെതിരെ നടപടി വേണമെന്ന പിടിവാശിയിലാണ് ഒരുവിഭാഗം. എന്നാല്‍ നടപടി വൈകിപ്പിച്ച് വിവാദചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. യോഹത്തില്‍ പങ്കെടുക്കാന്‍ ഇ പി ജയരാജന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തി.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ഇപി ജയരാജനും തമ്മിലെ കൂടിക്കാഴ്ച മൂടിവെച്ചതിലും ദല്ലാള്‍ നന്ദകുമാറുമായുള്ള ഇപിയുടെ അമിത സൗഹൃദത്തിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയാണുള്ളത്. തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ ദിവസം തന്നെ ഇ പി കുറ്റസമ്മതം നടത്തിയതിലും നേതൃത്വത്തിന് അമര്‍ഷമുണ്ട്. ഇപിക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നേക്കും. സിപിഐ അതൃപ്തി പരസ്യമാക്കിയ പശ്ചാത്തലത്തില്‍ ഇപി ജയരാജന് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയുമോ എന്നതിലും ആകാംക്ഷയുണ്ട്. അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഈ ഘട്ടത്തില്‍ നടപടിക്ക് സാധ്യത കുറവാണ്. നടപടിയുടെ കാര്യത്തില്‍ പിന്നീടായിരിക്കും പാര്‍ട്ടി തീരുമാനമെടുക്കുക.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനാണ് സിപിഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 20 മണ്ഡലങ്ങളില്‍ നിന്നുള്ള ബൂത്ത് തല കണക്കുകള്‍ സെക്രട്ടറിയേറ്റ് പരിശോധിക്കും. ഭരണവിരുദ്ധ വികാരമുണ്ടായില്ല എന്നാണ് പാര്‍ട്ടിയുടെ പ്രഥമിക വിലയിരുത്തല്‍. എല്‍ഡിഎഫിന് ആറ് മുതല്‍ 10 വരെ സീറ്റുകളില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.