നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലിനും ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം. കേസിലെ മറ്റ് നാല് പ്രതികള്‍ നേരത്തേ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു.
നവംബര്‍ പന്ത്രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ആറ് പ്രതികളും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്കി.
കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് പ്രോസിക്യൂഷന് അറിയിച്ചു. അടുത്ത മാസം മൂന്നിന് കേസ് പരിഗണിക്കും. 11 വരെ വിടുതല്‍ ഹര്‍ജി നല്കാന് കോടതി സമയം അനുവദിച്ചു. നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളായ മന്ത്രിമാര്‍ ഇന്ന് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതല്‍ കസേരകള്‍ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. പ്രക്ഷോപത്തിനിടെ, പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്.
വ്യവസായ മന്ത്രി ഇ.പി.ജയരാജന്, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.


