കോഴിക്കോട്: എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍.സി.പിയില്‍ ധാരണയായി. എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഏറെ നാളായി തുടരുകയായിരുന്നു.
ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാര്‍ നിര്‍ദേശിച്ചതായി പി.സി. ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടെന്ന് തോമസ് കെ. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണാനാണ് പിസി ചാക്കോയ്ക്ക് ശരത് പവാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രിയെ കാണാനാണ് ധാരണ. പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാകും രാജിയും തോമസിന്റെ സത്യപ്രതിജ്ഞയും തീരുമാനിക്കുക.
രണ്ട് എംഎല്‍എമാരുളള പാര്‍ട്ടിയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കുവയ്ക്കാന്‍ ധാരണയുണ്ടെന്നായിരുന്നു തോമസ് കെ തോമസിന്റെ വാദം. എന്നാല്‍ ശശീന്ദ്രന് ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ തോമസ് കെ തോമസ് ദേശീയ നേതൃത്വത്തെ സമീപിച്ചതോടെയാണ് പുതിയ ധാരണ ഉണ്ടായിരിക്കുന്നത്.