റിപ്പബ്ലിക് ദിനാഘോഷങ്ങളും പരേഡും സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാതെ തെലങ്കാന സര്‍ക്കാര്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ചടങ്ങില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുത്തില്ല. ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തത്. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിന പരേഡും സംഘടിപ്പിച്ചില്ല.
എല്ലാ വര്‍ഷവും ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കാറുളളത്. എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ജനുവരി 19 ന് റിപ്പബ്ലിക് ദിന പരിപാടി നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
കേന്ദ്രമാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് റിപ്പബ്ലിക് ദിന പരേഡ് നടത്തണമെന്ന കോടതിയുടെ കര്‍ശന നിര്‍ദേശം തെലങ്കാന സര്‍ക്കാര്‍ പാലിച്ചില്ല. എല്ലാ വര്‍ഷവും പരേഡ് നടത്തുന്ന സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സില് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനില്‍ മുന്‍ നിശ്ചയിച്ച പോലെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് പതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്ഭവന് തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശവും ഗവര്‍ണര്‍ വായിച്ചു. എന്നാല്‍, തെലങ്കാന മുഖ്യമന്ത്രി കെ സി ആര് ചടങ്ങില്‍ പങ്കെടുത്തില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി പക്ഷേ പരേഡ് ഗ്രൗണ്ട്സില് 10 മണിക്ക് എത്തി രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച സൈനികര്‍ക്കുള്ള ആദരം അര്‍പ്പിച്ചു. പരേഡും ഗാര്‍ഡ് ഓഫ് ഓണറും ഉള്‍പ്പെടുത്തി റിപ്പബ്ലിക് ദിന പരിപാടി നടത്തണമെന്നായിരുന്നു തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊവിഡ് എന്ന കാരണം പറഞ്ഞാണ് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം ഇത്തവണയും ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷവും തെലങ്കാനയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും അവരവരുടെ വസതികളില്‍ വെവ്വേറെയായാണ് പതാക ഉയര്‍ത്തിയത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകവേ കോടതി ഇടപെടല്‍ ഉണ്ടായിട്ടും റിപ്പബ്ലിക് പരേഡ് നടത്താതിരുന്നതിന്റെ നിയമപ്രശ്നങ്ങളാകും ഇനി കെസിആറിനെ കാത്തിരിക്കുന്നത്.


