ഒളിവില്‍ പോയതിന് എല്‍ദോസ് കുന്നപ്പിള്ളി ഖേദം അറിയിച്ചുവെന്നും എംഎല്‍എക്കെതിരെ ഇന്ന് നടപടി സ്വീകരിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. നടപടിയെടുക്കും മുന്‍പ് നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതായിട്ടുണ്ടെന്ന് സുധാകരന് പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും സുധാകരന് അറിയിച്ചു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് പറഞ്ഞിരുന്നു. എല്‍ദോസിനെതിരെ നടപടി വൈകുന്നതില്‍ കെപിസിസിക്കെതിരെ അമര്‍ഷം പ്രകടിപ്പിച്ച് കെ മുരളീധരന് രംഗത്തെത്തിയിരുന്നു. നടപടി വൈകുന്നത് ശരിയല്ല. കേസില്‍ ഒളിവില്‍ പോകേണ്ട കാര്യമില്ലായിരുന്നുവെന്ന നിലപാടാണ് പാര്ട്ടിക്കുണ്ടായിരുന്നതെന്നും എംപി വ്യക്തമാക്കി.
പീഡനക്കേസില്‍ ഇന്നലെയായിരുന്നു എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, സോഷ്യല്‍ മീഡിയയിലൂടെ പ്രകോപന പോസ്റ്റുകള്‍ ഇടരുത് തുടങ്ങിയവയാണ് ഉപാധികള്‍.