ആലപ്പുഴയില്‍ കളക്ടര്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി. കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണ് എന്ന് ബിജെപി. രണ്‍ജിത് ശ്രീനിവാസന്റെ സംസ്കാര ചടങ്ങിന്റെ നേരത്താണ് കളക്ടര്‍ യോഗം വിളിച്ചതെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം സര്‍വകക്ഷി യോഗത്തിന്റെ സമയം മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്ന വൈകിട്ട് 3ന് എന്ന സമയമാണ് 5 മണിയാക്കി പുനര്‍നിശ്ചയിച്ചത്. സുരക്ഷ ശക്തമാക്കിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
എല്ലാ മേഖലകളിലും കര്‍ശന പരിശോധന നടപ്പിലാക്കും. ജനങ്ങള്‍ക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. ഇന്ന് വൈകിട്ട് ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എം പി, എംഎല്‍എമാരുടെയും യോഗം ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
യോഗത്തില്‍ നിലവില്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അടുത്ത കാലങ്ങളില്‍ ആലപ്പുഴയില്‍ ഇങ്ങനെ ഒരു സാഹചര്യം വന്നിട്ടില്ല ജനങ്ങള്‍ക്ക് ആശങ്ക വേണ്ട അത് പരിഹരിക്കാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത് അതെല്ലാം മറികടക്കാനുള്ള പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.