ചണ്ഡീഗഢ്: മുപ്പത്തിനാല് വര്‍ഷം മുമ്പുള്ള കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കെപ്പട്ട പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനും കോണ്‍ഗ്രസ് ഹൈക്കമാന്റിനുമെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉപ മുഖ്യമന്ത്രിയുമായിരുന്ന സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ രംഗത്ത്. സത്യം പറയുന്നത് ഹൈക്കമാന്റിന് ഇഷ്ടമല്ല. ഞാന്‍ പറഞ്ഞത് കേള്‍ക്കാത്തത് മുലമാണ് ഇതെല്ലാം കാണേണ്ടി വന്നത്. സിദ്ദുവിനെ പുറത്താക്കണമെന്ന് ഫെബ്രുവരിയില്‍ പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷനെ ഇത്തരം ഒരു കേസില്‍ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സുപ്രീം കോടതി വിധിയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. സിദ്ദു മൂലം പാര്‍ട്ടിക്കുണ്ടായ നഷ്ടം വലുതാണ്. കോണ്‍ഗ്രസ് എന്താണോ ചെയ്യാതിരുന്നത് അതാണ് സുപ്രീം കോടതി ചെയ്തത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംസ്ഥാന മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖറിനെയും അദ്ദേഹം വിമര്‍ശിച്ചു. അധികാര മോഹം കൊണ്ടാണ് ജാഖര്‍ പാര്‍ട്ടി വിട്ടതെന്ന് രണ്‍ധാവ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുവരെയും പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളോട് താന്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ രാഹുല്‍ ഗാന്ധി അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.


