തിരുവനന്തപുരം: സവര്‍ക്കറെ സ്വാതന്ത്യ സമര സേനാനിയാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രം ഒഴിവാക്കുന്നതിന് കാരണം യഥാര്‍ത്ഥ ചരിത്രം സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ആര്‍എസ്എസുകാര്‍. ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മാപ്പെഴുതി പുറത്തിറങ്ങിയ ആളാണ് സവര്‍ക്കര്‍. ബ്രിട്ടീഷുകാരോട് സമരം ചെയ്ത് സമയം കളയേണ്ടെന്ന് പറഞ്ഞയാളാണ് ഗോള്‍വാള്‍ക്കര്‍. ഈ ചരിത്രം കുട്ടികള്‍ അറിയരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ഗാന്ധിയെയും നെഹ്റുവിനെയും അബ്ദുള്‍ കലാം ആസാദിനെയും മുഗള്‍ ഭരണത്തെയും പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു. കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇത് ഒഴിവാക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തെ ഒറ്റക്കെട്ടായി സംസ്ഥാനം നേരിട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട സഹായം ചെയ്തില്ല. പല രാജ്യങ്ങളും സഹായിക്കാന്‍ തയ്യാറായി വന്നപ്പോള്‍ സഹായം സ്വീകരിക്കില്ലെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. ഫണ്ട് സമാഹരണത്തിനായി സംസ്ഥാനത്തെ മന്ത്രിമാര്‍ വിദേശത്ത് പോകാനൊരുങ്ങിയപ്പോള്‍ അനുമതി നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത്. കിഫ്ബിയെ തകര്‍ക്കാന്‍ വേണ്ടി ആവശ്യത്തിന് കടമെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള പരിധികളും കേന്ദ്രം ഉള്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


