മഹാരാഷ്ട്രയില്‍ സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് എന്‍സിപി എംപി സുപ്രിയ സുലെ. പൂനെയില്‍ ബിജെപി പ്രവര്‍ത്തകരിലൊരാള്‍ എന്‍സിപി വനിതാ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കുകയായുരുന്നു അവര്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൂനെ സന്ദര്‍ശനത്തിനിടെ പാചക വാതക സിലിണ്ടറിലുള്ള വില വര്‍ധനവിനെതിരെ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ എന്‍സിപി പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴായിരുന്നു ബിജെപി പ്രവര്‍ത്തകനില്‍ നിന്നും അക്രമം നേരിടേണ്ടി വന്നത്. വനിതാ പ്രവര്‍ത്തകയെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ജല്‍ഗാവില്‍ സംസാരിക്കുകയായിരുന്നു ബാരാമതിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം സുപ്രിയ സുലെ.
‘ഇത് സ്ത്രീകളെ എപ്പോഴും ബഹുമാനിച്ചിരുന്ന ഷാഹു മഹാരാജ്, മഹാത്മാ ഫൂലെ, ബാബാസാഹേബ് അംബേദ്കര്‍, ഛത്രപതി ശിവജി മഹാരാജ് എന്നിവരുടെ മഹാരാഷ്ട്രയാണ്. ഇനി മുതല്‍ സംസ്ഥാനത്ത് ഒരു സ്ത്രീയെ തല്ലാന്‍ ഏതെങ്കിലും പുരുഷന് കൈ ഉയര്‍ത്തിയാല്‍, അവിടെ പോയി ഞാന്‍ തന്നെ അവനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അവന്റെ കൈ ഒടിച്ച് അവനെ തന്നെ ഏല്‍പ്പിക്കുകയും ചെയ്യും’. സുപ്രിയ സുലെ പറഞ്ഞു
യുവതിയെ ആക്രമിച്ചതിന് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിങ്കളാഴ്ച രാത്രി പൂനെ പൊലീസ് അക്രമണത്തിനും പീഡനത്തിനും കേസെടുത്തിരുന്നു എന്നാല്‍, ബിജെപി പ്രവര്‍ത്തകര്‍ ആരോപണങ്ങളെ എതിര്‍ത്തു.
‘നവനീത് റാണയുടെ കാര്യത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും അവര്‍ പ്രതികരിച്ചില്ല, ഞങ്ങളുടെ തൊഴിലാളികളായ സ്ത്രീകളോട് പൊലീസ് മോശമായി പെരുമാറിയപ്പോള്‍ അവര്‍ മിണ്ടിയില്ല. എല്ലാ സാഹചര്യങ്ങളിലും അവര്‍ അത്തരമൊരു നിലപാട് സ്വീകരിക്കണം’ സുപ്രിയ സുലെയുടെ നിലപാടില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.


