എല്ലാ സൈനിക വിഭാഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി. സൈനിക് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കാന് തീരുമാനിച്ചതായി നരേന്ദ്ര മോദി അറിയിച്ചു. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 75 വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഴുവന്‍ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ പങ്കാളികളാക്കുതയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരന് പോലും മാറ്റിനിര്‍ത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.
അടിസ്ഥാന വികസനത്തിന് 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ചു. ലക്ഷ്യം ആധുനികരീതിയില്‍ അടിസ്ഥാനവികസനം, ഗ്രാമങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. നഗരങ്ങളെ ബന്ധിപ്പിക്കാന്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കും. ചെറുകിട കര്‍ഷകര്‍ക്ക് കരുതല്‍. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയുടെ സമാധാനം പ്രധാന ലക്ഷ്യം. വടക്കുകിഴക്കന്‍ റയില്‍ ശൃംഖല ഉടന്‍. കശ്മീരിനും ലഡാക്കിനും പ്രത്യേക കരുതല്‍ നല്‍കും.ഉല്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കും. എല്ലാ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റ് ലഭ്യമാക്കും.
സ്വാതന്ത്ര്യ സമര സേനാനികളെ പ്രണമിച്ചായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ തുടക്കം. ഭാരതത്തിന് ദിശാബോധം നല്‍കിയത് നെഹ്റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമെന്ന് മോദി അനുസ്മരിച്ചു. കോവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം ആദരം അര്‍പ്പിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതി ഇന്ത്യയിലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാന്‍ വാക്സീനായി ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നില്ല.
54 കോടി ജനങ്ങള്‍ക്ക് ഇതുവരെ കോവിഡ് വാക്സീന് നല്കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ശാസ്ത്രഞ്ജര്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഒളിംപിക്സ് മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇവര്‍ രാജ്യത്തിന്റെ താരങ്ങളെന്നും, യുവാക്കളെ പ്രചോദിപ്പിക്കുന്നുവെന്നും പറഞ്ഞു.