കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മാളത്തിലൊളിക്കുന്ന ഭീരു. രൂക്ഷമായ ആരോപണവുമായി ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍. തനിക്കെതിരായ ആരോപണം അന്വേഷിക്കാനുള്ള സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ ഉത്തരവ് കിട്ടിയില്ലെന്ന് കീഴുദ്യോഗസ്ഥരെ കൊണ്ട് കള്ളം പറയിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഭീരുവാണ് വി. മുരളീധരനെന്ന് സലീം മടവൂര്‍ പറഞ്ഞു.
അബുദാബിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ സ്മിതാ മേനോന് എന്ന സ്വകാര്യ പി.ആര് കമ്പനി മാനേജരായ യുവതിയെ നിയമ വിരുദ്ധമായി പങ്കെടുപ്പിച്ചു. ഇത് സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണെന്ന് ചൂണ്ടിക്കാട്ടി താന്‍ നല്കിയ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുള്ളത് കൊണ്ടാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഒരു മാസത്തിനുള്ളില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ വിദേശകാര്യ വകുപ്പിന്റെ ചീഫ് വിജിലന്‍സ് ഓഫീസറോട് ആവശ്യപ്പെട്ടത്.
അന്വേഷണം നടത്തിയാല്‍ മുരളീധരന് കുടുങ്ങുമെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് ഉത്തരവ് കിട്ടിയില്ലെന്നാണ് വകുപ്പ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇത് ശുദ്ധ കളവാണ്. തെളിവുകള്‍ പരിശോധിച്ചാല്‍ മുരളീധരന് കുടുങ്ങുമെന്നുള്ളത് കൊണ്ട് ഉദ്യോഗസ്ഥരെക്കൊണ്ട് കളവ് പറയിപ്പിക്കുന്ന ദയനീയാവസ്ഥയിലാണ് മുരളീധരന്. അദേഹം മത്സരിക്കാന്‍ ആഗ്രഹിച്ച കഴക്കൂട്ടത്ത് സീറ്റ് നിഷേധിച്ച് പാര്‍ട്ടിയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കിയത് ഞാന്‍ നേരത്തെ നല്കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനും ബോധ്യപ്പെട്ടത് കൊണ്ടാണ്.
വി. മുരളീധരന് ആത്മാഭിമാനമോ ഉളുപ്പോ ഉണ്ടെങ്കില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഉത്തരവ് പ്രകാരം അന്വേഷണം നടത്താന്‍ വിദേശകാര്യ വകുപ്പിലെ വിജിലന്‍സ് വിഭാഗത്തെ അനുവദിക്കണം. ഒളിച്ചോടുന്നത് ഭീരുത്വമാണെന്ന് സലീം മടവൂര്‍ പറഞ്ഞു.


