കെ.ടി. ജലീലിന്റെ ബന്ധു നിയമന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും തുല്യ പങ്കാളിത്തമുള്ളതിനാല്‍ ധാര്‍മ്മികതയുടെ ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹവും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജരായി കെ.ടി. ജലീലിന്റെ ഉറ്റബന്ധു കെ.റ്റി. അദീബിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എ.ജിയില്‍ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയില്‍ പോകാനുള്ള സര്‍ക്കാരിന്റെ നീക്കം അപഹാസ്യമാണ്. ഒരുവശത്തു ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
2013 ല്‍ യു.ഡി.എഫിന്റെ ഭരണകാലത്ത് ധനകാര്യ വകുപ്പിന്റെ ഉപദേശ പ്രകാരം മന്ത്രിസഭയാണ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കുള്ള യോഗ്യത നിശ്ചയിച്ചത്. അതില്‍ മാറ്റം വരുത്തണമെങ്കില്‍ മന്ത്രിസഭയില്‍ തന്നെ വയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്നാണ് ഫയല്‍ കെ.ടി ജലീല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിച്ച് ഒപ്പിടുവിച്ചത്. യോഗ്യതയില്‍ മാറ്റം വരുത്തുന്നത് എന്തു കൊണ്ടാണ്? മന്ത്രിസഭയില്‍ വച്ചാല്‍ ബന്ധുവിനെ നിയമിക്കാന്‍ കഴിയില്ല എന്ന് കരുതിയിട്ടാണോ എന്നും കുറിപ്പില്‍ ചോദിക്കുന്നു.
ഈ നിയമനകാര്യത്തില്‍ കെ.ടി. ജലീലും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തില്‍ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ കെ.ടി. ജലീല്‍ മാത്രം രാജിവച്ചതു കൊണ്ട് കാര്യമില്ല. കൂട്ടു പ്രതിയായ മുഖ്യമന്ത്രിയും രാജിവയ്ക്കണം. ജനാധിപത്യബോധവും ധാര്‍മ്മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയും രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


