തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജനമൊന്നാകെ കൂടെയുണ്ടെന്നും എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സ്വന്തം നാടായ ധര്‍മ്മടത്ത് വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്കൂളിലായിരുന്നു വോട്ട്.
ഒരു സര്‍ക്കാരിനെതിരെ ഇത്രയും കള്ളങ്ങളും നുണകളും പ്രചരിപ്പിക്കുന്നത് കണ്ട് ആത്മരോക്ഷത്തോടെ പ്രതികരിക്കാനാണ് ജനമൊന്നാകെ കൂടെ നില്‍ക്കുന്നത്. ഈ സര്‍ക്കാരിനെ ഏത് വിധേനയും ഒന്ന് തളര്‍ത്താനാകുമോ ഒന്ന് ക്ഷീണിപ്പിക്കാനാകുമോ എന്നാണ് ചിലര്‍ നോക്കുന്നത്. അതിന് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും രാഷ്ട്രീയ പ്രേരിതമായി ശ്രമിക്കുകയാണ്.അന്വേഷണങ്ങളും കള്ള പ്രചാരണങ്ങളുമായി എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. 16 ന് വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം ആരാണ് തളര്‍ന്നത്, ആരാണ് ഉലഞ്ഞത് എന്ന്. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുന്നതോടെ സര്‍ക്കാരിനെതിരെ കൂടുതല്‍ നടപടികളിലേക്ക് ഇവര്‍ കടക്കും. അങ്ങനെ കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം. ജനങ്ങള്‍ക്ക് ഇതൊക്കെ കൃത്യമായി ബോധ്യമായിട്ടുണ്ട്.
നല്ല പിന്തുണയാണ് ജനങ്ങളില്‍നിന്ന് ലഭിക്കുന്നത്. ഞങ്ങള്‍ക്ക് വിജയസാധ്യതയില്ലാത്ത ചിലപ്രേദേശങ്ങളിലും ഇത്തവണ വിജയം നേടും. ഇന്ന് വോട്ടെുപ്പ് നടക്കുന്ന ജില്ലകളെ കുറിച്ച് പ്രേത്യേകിച്ച് ഒന്നും പറയുന്നില്ല. അത് മുന്നേ തന്നെ ഞങ്ങള്‍ക്കൊപ്പമാണ്.
ലീഗിന്റെ അടിത്തറയിളകുന്ന തെരഞ്ഞെടുപ്പാണ് ഇത്. നാല് വോട്ടിന് വേണ്ടി ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന ലീഗിനെ ജനം തള്ളിക്കളയും.
പെരുമാറ്റചട്ടം ലംഘിച്ചു എന്നെല്ലാം വെറുതെ പറയുന്നതാണ്. കോവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ പൂര്‍ണമായും സൗജന്യ ചികിത്സ നല്കുന്ന സംസ്ഥാനമാണ് കേരളം. മറ്റൊരിടത്തും ഇങ്ങനെയല്ല. അതുകൊണ്ട് തന്നെ ഈ കോവിഡ് പ്രതിരോധത്തിന് പ്രധാന സഹായമാകുന്ന വാക്സിന് കാശ് വാങ്ങി കൊടുക്കേണ്ട കാര്യമില്ലല്ലോയെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


