എല്‍ദോസ് കുന്നപ്പള്ളിലിനെതിരായ പരാതിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. പരാതി അന്വേഷിക്കാന്‍ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ വസ്തുനിഷ്ഠമായി അന്വേഷണം നടക്കും. കെപിസിസി പ്രസിഡന്റുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഒരുഘട്ടത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ എല്‍ദോസ് കുന്നപ്പിള്ളിലിനെരായ പരാതി സത്യസന്ധമായ പരാതിയെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വനിതാ സെല്ലിനാണ് ആദ്യം പരാതി നല്‍കിയത്. എംഎല്‍എക്കെതിരെയുള്ള പരാതിയായതിനാല് കമ്മീഷണര്‍ക്ക് നല്കാന് ആവശ്യപ്പെട്ടു. പരാതി നല്‍കിയതിന് ശേഷം ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പത്തു വര്‍ഷമായി കുന്നപ്പിള്ളിലുമായി പരിചയമുണ്ട്. കേസ് എടുക്കുന്നത് കോവളം സിഐ വൈകിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു.
കോവളത്ത് വെച്ച് എംഎല്‍എ തന്നെ മര്‍ദിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. തന്നെ മര്‍ദിക്കുമ്പോള്‍ പിഎ ഡാവി പോള്‍, ജിഷ്ണു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കേസ് പിന്‍വലിച്ചാല്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് എംഎല്‍എ പറഞ്ഞു. ഹണിട്രാപ്പില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കന്യാകുമാരിയില്‍ കടലില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോള്‍ തമിഴ്നാട് പൊലീസാണ് രക്ഷപ്പെടുത്തിയതെന്നും പരാതിക്കാരി പറഞ്ഞു.
ലൈംഗിക പരാതിയുണ്ടോ എന്ന ചോദ്യത്തിന് പിന്നീട് മറുപടി പറയുമെന്നും മജിസ്ട്രേറ്റിന് മൊഴി കൊടുത്തതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പ്രചരിക്കുന്നതുപോലെ തനിക്കെതിരെ ചീറ്റിംഗ് കേസ് ഇല്ല. എംഎല്‍എയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് പരാതി നല്‍കിയത്. എല്‍ദോസ് മദ്യപാനിയാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.


