കോഴിക്കോട്: പാര്‍ട്ടി പദവികള്‍ ആര്‍ക്കെങ്കിലും ഇഷ്ടദാനം നല്കേണ്ടതല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. എംപിമാരായ കെ മുരളീധരനും എംകെ രാഘവനും ഡിസിസി അദ്ധ്യക്ഷന്‍ പ്രവീണ്‍കുമാറും രണ്ട് തട്ടിലായതോടെയാണ് പുനഃസംഘടന അനിശ്ചിതത്വത്തിലായത്. ഉള്ളുതുറന്ന ചര്‍ച്ചകള്‍ നടത്തി കഴിവും കാര്യശേഷിയുമുള്ളവരെ പാര്‍ട്ടിയില്‍ കൊണ്ടുവരണമെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ശക്തമായൊരു നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ 50 ശതമാനം പദവികള്‍ സ്ത്രീകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും നീക്കിവെക്കണമെന്നാണ് ആ നിര്‍ദേശം. എല്ലാ വിഭാഗക്കാരേയും ചേര്‍ത്തു നിര്‍ത്തി ആ തത്വങ്ങള്‍ പാലിക്കാന്‍ നേതൃത്വം തയ്യാറാവണം. പാര്‍ട്ടി നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഏകപക്ഷീയമായ നിലപാടുകള്‍ ഒന്നിനും പരിഹാരമല്ല.’ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് തന്നോട് ആരും കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് കെ മുരളീധരനും ഓരോരുത്തരും സ്വന്തക്കാരെ പട്ടികയില്‍ തിരുകി കയറ്റുകയാണെന്ന് പുനഃസംഘടനാസമിതിയില് അംഗമായ എംകെ രാഘവനും പറയുന്നു. 35 ഡിസിസി ഭാരവാഹികളെയും 26 ബ്ലോക്ക് പ്രസിഡന്റുമാരെയുമാണ് ജില്ലയില്‍ കണ്ടെത്തേണ്ടത്. ഡിസിസി. ഭാരവാഹികളായി 60 പേരുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറായിട്ടുള്ളത്.


