പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. വഞ്ചിയൂര്‍ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നല്‍കിയത്. കോവളത്ത് വെച്ച് കാറില്‍ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവര്‍ ഇന്നലെ വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസില്‍ ഇന്ന് മൊഴി നല്‍കുമെന്നും ഇവര്‍ കോടതിയെ അറിയിച്ചു. കാറില്‍ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞു. കാറിനുള്ളില്‍ വെച്ചാണ് കൈയ്യേറ്റം ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.
കോവളത്ത് വെച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരാതിക്കാരി നേരത്തെ മൊഴി നല്കാന് തയ്യാറായിരുന്നില്ല. പരാതിയില്‍ ഇവര്‍ ഉറച്ചു നില്ക്കുകയാണെങ്കില് എംഎല്‍എക്ക് എതിരെ കേസ് എടുക്കും. യുവതിയെ കാണാന്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പോലീസിനെ സമീപിച്ചിരുന്നു. ഇതിന് ശേഷം പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പരാതിക്കാരിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു.
തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് ഇവരുമായി കോവളത്തേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം. കോവളത്ത് സൂയിസൈഡ് പോയിന്റിന് സമീപം കാറില്‍ വെച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്നാണ് അധ്യാപികയായ സ്ത്രീയുടെ പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. രണ്ട് തവണ മൊഴി നല്‍കാനായി വിളിപ്പിച്ചെങ്കിലും വിശദമായ മൊഴി ബന്ധുക്കളുമായി ആലോചിച്ച ശേഷം നല്‍കാമെന്നായിരുന്നു സ്ത്രീയുടെ നിലപാട്.
ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്കൂളിലെ അധ്യാപികയാണ്. സംഭവത്തെകുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമായിരുന്നു ഇന്നലെ എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചത്.


